Breaking News

രണ്ട് സര്‍വേകളും എതിരാണെങ്കിലും കോണ്‍ഗ്രസിന് സന്തോഷം..!! ഒന്നുമില്ലായ്‌മയില്‍ നിന്ന് ഇതുവരെ എത്തിയില്ലേന്ന് നേതൃത്വം.. ഇനി അടുത്തത്..

 


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബായി സംസ്ഥാനത്ത് രണ്ട് പ്രീ പോള്‍ സര്‍വേകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് സര്‍വേകളും എല്‍.ഡി.എഫിന് ഭരണതുടര്‍ച്ചയാണ് പ്രവചിക്കുന്നത്. അനുകൂല ഫലമല്ലെങ്കിലും അത് യു.ഡി.എഫിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം പകരുന്നു എന്നാണ് വിവരം.


ആദ്യ സര്‍വേ പ്രകാരം ഇടതുമുന്നണി തന്നെ അധികാരത്തില്‍ തുടരും. ചുരുങ്ങിയത് 72 സീറ്റുകളും പരമാവധി 78 സീറ്റുകളും എല്‍.ഡി.എഫിന് ലഭിക്കുമെന്നാണ് കണക്ക്. യു.ഡി.എഫിന് 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിയ്ക്ക് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ ലഭിക്കുമെന്നും പ്രവചനമുണ്ട്.


രണ്ടാമത്തെ സര്‍വേ പ്രകാരം എല്‍.ഡി.എഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിച്ചേക്കാം.


യു.ഡി.എഫിന് 62 മുതല്‍ 72 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നുണ്ട്. ബി.ജെ.പിയ്ക്ക് പരാമധി ഒന്നോ രണ്ടോ സീറ്റുകള്‍ കിട്ടിയേക്കും എന്നാണ് പ്രവചിക്കുന്നത്.


2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചത് 47 സീറ്റുകളില്‍ മാത്രമായിരുന്നു. പല ഘടകക്ഷികള്‍ക്കും നിയമസഭ കാണാന്‍ പോലും സാധിച്ചിരുന്നില്ല. മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത് ലീഗിന് മാത്രമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് പരിശോധിച്ചാല്‍ വെറും 39 മണ്ഡലങ്ങളില്‍ മാത്രമാണ് യു.ഡി.എഫിന് ലീഡുളളത്. അതില്‍ തന്നെ പലയിടത്തും നേരിയ ലീഡ് മാത്രമാണുളളത്.


തിരിച്ചടി കാരണം ദയനീയ സ്ഥിതിയിലായിരുന്നു കേരളത്തിലെ യു.ഡി.എഫ്. അതു വച്ച്‌ നോക്കുമ്ബോള്‍ ഇപ്പോള്‍ പുറത്തു വരുന്ന സര്‍വേ ഫലങ്ങള്‍ യു.ഡി.എഫിന് വലിയ ആശ്വാസം പകരുന്നതല്ലേ എന്നാണ് ചര്‍ച്ചകള്‍. അത്തരത്തില്‍ പരിശോധിച്ചാല്‍, രണ്ട് സര്‍വേ ഫലങ്ങളും യു.ഡി.എഫിന് അനുകൂലമാമെന്ന് വിലയിരുത്തേണ്ടി വരുമെന്നാണ് നേതാക്കള്‍ പറയുന്നത്.


സംസ്ഥാനത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെന്നാണ് സര്‍വേ ഫലങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി പറഞ്ഞത്. കുഞ്ഞാലിക്കുട്ടി അടക്കമുളള ലീഗ് നേതാക്കളും സര്‍വേയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും മലബാറിലെ ലീഗ് സ്വീധീന മേഖലകളില്‍ സി.പി.എം കടന്നുകയറ്റം നടത്തുമെന്ന പ്രവചനം ആശങ്കയോടെയാണ് ലീഗ് നേതൃത്വം കാണുന്നത്.തിരഞ്ഞെടുപ്പ് അടുക്കുമ്ബോഴേക്കും ഇതിനെ മറികടക്കാന്‍ മുസ്ലീം ലീഗിന് കഴിയുമെന്നും അതിനുളള സംഘടനാ സംവിധാനം അവര്‍ക്കുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.


കഴിഞ്ഞ തവണ 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആകെ ജയിക്കാനായത് 22 സീറ്റുകളില്‍ ആയിരുന്നു. 24 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗിന് 18 ഇടത്തും. സര്‍വേ പ്രവചനങ്ങള്‍ പ്രകാരം ഇത്തവണ യു.ഡി.എഫ് 59 മുതല്‍ 72 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ്. അങ്ങനെയെങ്കില്‍ സീറ്റുകളുടെ എണ്ണം കൂടുക കോണ്‍ഗ്രസിനായിരിക്കും എന്നാണ് വിലയിരുത്തല്‍. വടക്കന്‍ കേരളത്തിലെ സാമുദായിക സമവാക്യങ്ങള്‍ മാറിമറിയുന്നത് ലീഗിന് തിരിച്ചടിയാകാനും സാദ്ധ്യതയുണ്ട്.


ഒന്നുമില്ലായ്‌മയില്‍ നിന്ന് പിടിച്ചുകയറാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിച്ച അവസരമാണ് ഈ രണ്ട് സര്‍വേകളും എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഈ വിമര്‍ശനം സി.പി.എം നേതാക്കളും ഉന്നയിക്കുന്നുണ്ട്. ശക്തമായ മത്സരം കാഴ്ചവച്ചാല്‍ കേവല ഭൂരിപക്ഷത്തിനുളള 71 സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കും എന്നൊരു സാദ്ധ്യത കൂടി രണ്ട് സര്‍വേകളും മുന്നോട്ട് വയ്‌ക്കുന്നുണ്ട്. സര്‍വേ ഫലങ്ങള്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഊര്‍ജ്ജം നല്‍കുമെന്നും പറയുന്നു. സര്‍‌വേയെ എതിര്‍ക്കുന്ന നേതാക്കള്‍ പോലും മറ്റൊരു തരത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്.


ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫ് നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഗുണം ചെയ്യും എന്ന ആത്മവിശ്വാസവും സര്‍വേ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മദ്ധ്യകേരളത്തില്‍ നഷ്‌ടപ്പെട്ട ക്രൈസ്‌തവ വോട്ടുകള്‍ തിരികെ എത്തുമെന്ന പ്രതീക്ഷയും സര്‍വേ വഴി യു.ഡി.എഫിന് ലഭിക്കുന്നുണ്ട്.

No comments