യുഡിഎഫില്‍ ധാരണ..!! ലീഗ് 27.. ജോസഫ് 10.. ആർഎസ്പി 5.. എൻസികെ.. കോൺഗ്രസ് മത്സരിക്കുക ഇത്രയും സീറ്റിൽ..
തിരുവനന്തപുരം: യുഡിഎഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. കോണ്‍ഗ്രസ് 92 സീറ്റില്‍ വരെ മത്സരിക്കുന്പോള്‍, മുസ് ലിം ലീഗ് 27 സീറ്റിലും കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗം 10 സീറ്റിലും ആര്‍എസ്പി അഞ്ചിടത്തും എന്‍സികെ രണ്ടിടത്തും മത്സരിക്കാനാണു ധാരണ.
കേരള കോണ്‍ഗ്രസ്- ജേക്കബ്, ജനതാദള്‍ ജോണ്‍ ജോണ്‍, സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ക്ക് ഓരോ സീറ്റു വീതവും നല്‍കും.
എന്നാല്‍, ചില ഘടകകക്ഷികള്‍ക്കു നല്‍കേണ്ട സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പുതിയ ചില കക്ഷികള്‍ക്കും സീറ്റ് പരിഗണിച്ചേക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുസ്ലിം ലീഗിന് മൂന്നു സീറ്റ് അധികമായി നല്കി. പട്ടാന്പി, പേരാന്പ്ര, കൂത്തുപറന്പ് സീറ്റാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, പേരാന്പ്ര കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗവും ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം അറിയിക്കാമെന്ന് ഇരുകൂട്ടരെയും അറിയിച്ചു. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 87 സീറ്റിലും മുസ്ലിം ലീഗ് 24 സീറ്റിലുമാണ് മത്സരിച്ചത്. കേരള കോണ്‍ഗ്രസ്- എം 2016 ല്‍ 15 സീറ്റില്‍ മത്സരിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ചൊവ്വാഴ്ച പുറത്തിറങ്ങുമെന്നു കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ എച്ച്. കെ. പാട്ടീല്‍. തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയും കേന്ദ്രനിരീക്ഷകരുമടങ്ങിയ സമിതി തയാറാക്കിയ സാധ്യതാപട്ടിക എട്ട്, ഒന്‍പത് തീയതികളില്‍ ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്യും.
ഏതെങ്കിലും കാരണവശാല്‍ ഒന്‍പതിന് ധാരണയിലെത്തിയില്ലെങ്കില്‍ പത്തിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഓരോ മണ്ഡലത്തിലും അഞ്ചു പേരുകള്‍ വരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് ഡല്‍ഹിക്കു കൊണ്ടു പോകുന്നത്.
പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളത്. ചര്‍ച്ചകളുടെയും ഹൈക്കമാന്‍ഡ് നിയോഗിച്ച സര്‍വേയുടെയും കൂടി അടിസ്ഥാനത്തില്‍ പൂര്‍ണ വിജയസാധ്യതയുള്ളവരാകും അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുകയെന്നും തിരുവനന്തപുരത്തു ചേര്‍ന്ന ആദ്യ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് 91-92 സീറ്റില്‍ മത്സരിക്കും. ഓരോ മണ്ഡലത്തിലും 20 അപേക്ഷകര്‍ വരെയുണ്ടായിരുന്നു.
പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കുമായി 60 ശതമാനം വരെ സീറ്റാണ് പട്ടികയിലുള്ളത്. 200 ല്‍ അധികം പേരുമായി നടത്തിയ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമാണു പട്ടിക തയാറാക്കിയത്. പ്രമുഖ നേതാക്കളുടെ മക്കള്‍ക്കോ ഭാര്യമാര്‍ക്കോ സീറ്റ് നല്‍കുന്നത് സ്ക്രീനിംഗ് കമ്മിറ്റിയുടെ പരിഗണനയില്‍ ഇല്ല. പൊതുസ്വീകാര്യതയായിരിക്കും പ്രധാന മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

No comments