Breaking News

കൊല്ലം തിരിച്ച് പിടിക്കാൻ രണ്ടും കൽപ്പിച്ച് യുഡിഎഫ്..!! പൂജ്യത്തിന്റെ നിന്നും കുതിച്ച് ഉയരാൻ കോൺഗ്രസ്സ്..!! ഇത്തവണ ലക്ഷ്യം വൻ മുന്നേറ്റം.. ആശ്വാസമായി ഈ കണക്ക്..


 കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പൂര്‍ണമായും കൈവിട്ട കൊല്ലം ജില്ല ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചാരണ പരിപാടികളും ചൂടുപിടിക്കുന്നതിനിടെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളുള്ള കൊല്ലത്തിന്റെ രാഷ്ട്രീയ മനസ് പ്രവചനങ്ങള്‍ക്ക് അതീതമാണ്.


ഇടതുമുന്നണിയ്ക്കാണ് ജില്ലയില്‍ പൊതുവേ മേല്‍ക്കൈയെങ്കിലും 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ല വലതുപക്ഷത്തേക്ക് ചാഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രനെ വന്‍ ഭൂരിപക്ഷത്തോടെയാണ് കൊല്ലത്തുകാര്‍ പാര്‍ലമെന്റിലേക്ക് അയച്ചത്. പിന്നീട് നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞടുപ്പില്‍ ഇടതുമുന്നേറ്റം ആവര്‍ത്തിച്ചപ്പോള്‍ വലതുമുന്നണിയും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ കല്ലുവാതുക്കല്‍ പഞ്ചായത്ത് ഭരണം പിടിക്കുകയും ചില പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനത്തും മറ്റ് ചിലയിടങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുകയും ചെയ്തുവെന്നതാണ് ജില്ലയിലെ നിലവിലെ തിരഞ്ഞെടുപ്പ് ചിത്രം. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ അങ്കത്തട്ടൊരുക്കി കാത്തിരിക്കുകയാണ് കൊല്ലം ജില്ല.


സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച തുടങ്ങി


രാഷ്ട്രീയ പ്രബുദ്ധതയുള്ള കൊല്ലത്തുകാര്‍ ഇക്കുറി ആരെ തുണയ്ക്കും. തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി മുന്നണികളും സജീവമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തരംഗത്തിലായിരുന്നു കൊല്ലം ജില്ല. ആകെയുള്ള 11 മണ്ഡലങ്ങളില്‍ 11 ഇടത്തും എല്‍.ഡി.എഫ് തേരോട്ടം നടന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ഒരിടത്തും പച്ചതൊട്ടില്ല. ദയനീയ പരാജയം ഏറ്റുവാങ്ങിയെന്ന് മാത്രമല്ല ചാത്തന്നൂര്‍ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശൂരനാട് രാജശേഖരന്‍ സ്വന്തം തട്ടകത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


സഹപ്രവര്‍ത്തകരെ തോല്പിച്ച്‌ ഗണേശ്കുമാര്‍


സിനിമാ താരങ്ങളുടെ സാന്നിദ്ധ്യത്തിലൂടെ സ്റ്റാര്‍ പോരാട്ടം നടന്ന പത്തനാപുരത്ത് ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച കെ.ബി. ഗണേശ് കുമാര്‍, സിനിമയിലെ തന്റെ സഹപ്രവര്‍ത്തകരായ ജഗദീഷിനെയും (കോണ്‍ഗ്രസ്) ഭീമന്‍ രഘുവിനെയും (എന്‍.ഡി.എ) 24562 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കൊല്ലത്തും സിനിമാ താരത്തെ രംഗത്തിറക്കിയായിരുന്നു സി.പി.എം പരീക്ഷണം. നടന്‍ എം.മുകേഷിനെ സിപി.എം മത്സരിപ്പിച്ചപ്പോള്‍ മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവിയെ കോണ്‍ഗ്രസ് രംഗത്തിറക്കി. 17611 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുകേഷിനായിരുന്നു വിജയം.


സി.എം.പിയില്‍ നിന്ന് വിജയന്‍പിള്ള


മുന്‍ മന്ത്രി ഷിബുബേബി ജോണിനെ തറപറ്റിക്കാന്‍ വ്യവസായിയായിരുന്ന വിജയന്‍പിള്ളയെയാണ് സി.എം.പി സ്ഥാനാര്‍ത്ഥിയായി ഇടതുമുന്നണി നിയോഗിച്ചത്. 6,181 വോട്ടുകള്‍ക്ക് ഷിബുവിനെ വിജയന്‍പിള്ള പരാജയപ്പെടുത്തി. വിജയന്‍ പിള്ളയുടെ രാഷ്ട്രീയ ഗുരുവായ ബേബിജോണിന്റെ മകനുമായുള്ള പോരാട്ടം അന്ന് ചര്‍ച്ചയായി. കുന്നത്തൂരില്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കോവൂര്‍ കുഞ്ഞുമോന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിനെ തോല്‍പ്പിച്ചത് 20,000 ത്തില്‍പ്പരം വോട്ടുകള്‍ക്കാണ്. നാലാം തവണയാണ് കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരിന്റെ എം.എല്‍.എയായത്. ഇത്തവണയും കുഞ്ഞുമോന്‍ മത്സരരംഗത്തുണ്ട്.


കരുനാഗപ്പള്ളിയിലും കടുത്ത പോരാട്ടം


കരുനാഗപ്പള്ളിയിലെ പോരാട്ടവും ഇഞ്ചോടിഞ്ചായിരുന്നു. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍.രാമചന്ദ്രനെ എതിരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് യുവനേതാവ് സി.ആര്‍. മഹേഷിനെയായിരുന്നു. ആയിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മഹേഷ് പരാജയപ്പെട്ടു.കുണ്ടറയില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ഇപ്പോഴത്തെ കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താനെ പരാജയപ്പെടുത്തിയത്. ആര്‍.എസ്.പി സംസ്ഥാനസെക്രട്ടറി എ.എ. അസീസിനെ 28,803 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് സി.പി.എമ്മിലെ എം. നൗഷാദ് ഇരവിപുരത്ത് നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. ചടയമംഗലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച എം.എം. ഹസനെ സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്നാകരന്‍ അടിയറവ് പറയിച്ചത് 21,928 വോട്ടുകള്‍ക്കാണ്.


ഏറ്റവും വലിയ ഭൂരിപക്ഷം ഐഷാ പോറ്റിയ്ക്ക്


മന്ത്രി കെ. രാജു പുനലൂരില്‍ മുസ്ളിം ലീഗിലെ എ. യൂനുസ് കുഞ്ഞിനെ 33,582 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ചാത്തന്നൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി ജി.എസ് ജയലാല്‍ എന്‍.ഡി.എയിലെ വി.വി. ഗോപകുമാറിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശൂരനാട് രാജശേഖരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജില്ലയിലെ ഏറ്റവുംവലിയ ഭൂരിപക്ഷമായ 42,362 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സിവിന്‍ സത്യനെ പരാജയപ്പെടുത്തിയാണ് കൊട്ടാരക്കരയില്‍ ഐഷാ പോറ്റി മൂന്നാമതും തന്റെ ആധിപത്യം ഉറപ്പിച്ചത്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗം കൊല്ലം ജില്ലയിലും ആഞ്ഞടിച്ചു. ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രന്‍ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊല്ലത്ത് നിന്ന് ലോക്സഭാംഗമായത്.


ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യു.ഡി.എഫ്


അതിലേറെ രാഷ്ട്രീയ കാലാവസ്ഥകള്‍ അനുകൂലമാകുകയും ഭരണവിരുദ്ധ വികാരം ശക്തമാകുകയും ചെയ്തതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായ വിജയം ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ആലപ്പുഴ ലോക് സഭാ മണ്ഡലം ഉള്‍പ്പെടുന്ന കരുനാഗപ്പള്ളിയില്‍ കേരളത്തിലെ ഏക ഇടത് എം.പിയായ എ.എം. ആരിഫ് പിറകില്‍പ്പോയി. കൊട്ടാരക്കര , പത്തനാപുരം ,കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് മികച്ച മുന്നേറ്റം നടത്തി. എന്നാല്‍, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പായപ്പോഴേക്കും സ്ഥിതി ആകെ മാറി. ജില്ലയില്‍ ഇടതുതരംഗം ആഞ്ഞടിച്ചു. യു.ഡി.എഫ് തകര്‍ന്ന് തരിപ്പണമായി. ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും അടക്കം ഇടതുമുന്നണി മിന്നും വിജയമാണ് സ്വന്തമാക്കിയത്. ആകെയുള്ള 68 പഞ്ചായത്തുകളില്‍ 44 ഇടത്ത് ഇടതുമുന്നണി ഭരണം നിലനിറുത്തി. 2015 നേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ച യു.ഡി.എഫ് 22 പഞ്ചായത്തുകളില്‍ ഭരണം നേടി. കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ എന്‍.ഡി.എ അധികാരത്തിലെത്തി. പന്ത്രണ്ട് ബ്ളോക്ക് പഞ്ചായത്തില്‍ 11 ഇടത്തും ഇടതുമുന്നണി ഭരണം നേടിയപ്പോള്‍ യു.ഡി.എഫിന് ഒരു ബ്ലോക്ക് പഞ്ചായത്തിലെ ഭരണം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.


മണ്ഡലങ്ങളിലെ ഭൂരിപക്ഷം എല്‍.ഡി.എഫിന്


തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ചാല്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം എല്‍.ഡി.എഫിനാണ്. ആവിജയത്തിലാണ് ഇടതുമുന്നണിയുടെ മുഴുവന്‍ പ്രതീക്ഷയും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ച‌ര്‍ച്ചകളും തീരുമാനങ്ങളുമായി മുന്നണികള്‍ തിരക്കിട്ട നീക്കങ്ങളില്‍ മുഴുകിയിരിക്കെ സീറ്റുകള്‍ സംബന്ധിച്ച അവകാശവാദങ്ങളും കൂടിയാലോചനകളും സജീവമായിക്കഴിഞ്ഞു. ജില്ലയില്‍ രണ്ട് തവണയിലേറെ മത്സരിച്ച്‌ വിജയിച്ചവരെ മാറ്റി നിറുത്താനുള്ള സി.പി.എം-സി.പി.ഐ തീരുമാനം മത്സര രംഗത്തെ പതിവ് മുഖങ്ങളില്‍ മാറ്റമുണ്ടാക്കും. ആര്‍.എസ്.പി ലെനിനിസ്റ്റ് സ്ഥാനാര്‍ത്ഥിയായി കോവൂര്‍ കുഞ്ഞുമോന്‍ അഞ്ചാം അങ്കത്തിനിറങ്ങുന്ന കുന്നത്തൂര്‍ മണ്ഡലത്തിന് സി.പി.ഐ അവകാശം ഉന്നയിച്ചതുള്‍പ്പെടെ മത്സര രംഗത്ത് ചില്ലറ പ്രശ്നങ്ങളുണ്ടെങ്കിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏറെക്കുറെ വ്യക്തത വരുത്താന്‍ ഇടതുമുന്നണിയ്ക്കായി. എന്നാല്‍, ചുരുക്കം ചില സീറ്റുകളിലൊഴികെ യു.ഡി.എഫ് , എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളാരെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. വരുംദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമാകുന്നതോടെ പരമ്ബരാഗത വ്യവസായങ്ങളായ കയറിന്റെയും കശുഅണ്ടിയുടെയും നാട് മീനച്ചൂടിനെ വെല്ലുന്ന അങ്കച്ചൂടിലമരും.

No comments