പി സി ചാക്കോ രാജ്യസഭയിലേക്ക്? ശരദ് പവാര്‍ പിണറായിയെ വിളിക്കും.. ചെറിയാൻ ഫിലിപ്പും പരിഗണനാ പട്ടികയിൽ.. കോൺഗ്രസ്സ് വിട്ട രണ്ട് പേരും..
തിരുവനന്തപുരം; സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ ഒരു സീറ്റില്‍ അവകാശവാദമുന്നയിക്കാന്‍ എന്‍ സി പി നീക്കം. കോണ്‍ഗ്രസ് വിട്ടുവന്ന മുതിര്‍ന്ന നേതാവ് പി സി ചാക്കോയ്ക്ക് വേണ്ടിയാകും എന്‍ സി പി സീറ്റ് ചോദിക്കുക. പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് വിവരം.
കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച പി.സി ചാക്കോ കഴിഞ്ഞദിവസമാണ് എന്‍ സി പിയില്‍ ചേര്‍ന്നത്. ഇതിന് തൊട്ടു മുമ്ബ് അദ്ദേഹം സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നില്ലെങ്കിലും സി പി എം ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കുകയായിരുന്നു ചാക്കോയുടെ ലക്ഷ്യം.
ഇന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ചാക്കോയ്ക്ക് എന്‍ സി പി വമ്ബന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.നാളെ കോങ്ങാട് മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹം വേദി പങ്കിടും.ശേഷം 14 ജില്ലകളിലും എല്‍ ഡി ഫിനു വേണ്ടി ചാക്കോ പ്രചാരണത്തിനിറങ്ങും.
പാലായ്ക്ക് പകരം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നല്‍കുമെന്ന് നേരത്തെ സി പി എമ്മും എന്‍ സി പിയും തമ്മില്‍ ധാരണയുണ്ടായിരുന്നു.എന്നാല്‍ കാപ്പന്‍ പാലായ്ക്ക് വേണ്ടി ഉറച്ചുനിന്ന് യു ഡി ഫുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയതോടെ രാജ്യസഭാ സീറ്റ് നല്‍കില്ലെന്ന് പിണറായി പ്രഫുല്‍ പട്ടേലിനെ അറിയിക്കുകയായിരുന്നു. ചാക്കോയെ പോലൊരു ഉന്നത നേതാവ് വന്ന സാഹചര്യത്തില്‍ രാജ്യസഭാ സീറ്റില്‍ നിന്ന് പിന്നോട്ട് പോകേണ്ടയെന്നാണ് എന്‍ സി പി നിലപാട്. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന സമയത്ത് പലതവണ രാജ്യസഭാ സീറ്റിനായി ചാക്കോ ശ്രമം നടത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല.
വയലാര്‍ രവി, പി വി അബ്‌ദുള്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എല്‍ ഡി എഫിന് രണ്ടു സീറ്റും യു ഡി എഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. ഇതില്‍ പി വി അബ്ദുള്‍ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യു.ഡി.എഫ് തിരുമാനം.
ഒഴിവുവരുന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ ചെറിയാന്‍ ഫിലിപ്പിനെയാണ് സി.പി.എം പ്രധാനമായും പരിഗണിക്കുന്നത്. ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭാ സീറ്റിലേക്ക് നേരത്തെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് എളമരം കരീമിനെ പാര്‍ലമെന്റിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് അവസരം നല്‍കാന്‍ തന്നെയാണ് നേതൃത്വത്തിന്റെ നീക്കം.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിജു കൃഷ്ണന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസരം കിട്ടാതെപോയ മന്ത്രിമാരായ തോമസ് ഐസക്ക്, എ കെ ബാലന്‍ തുടങ്ങിയവരുടെ പേരുകളും രാജ്യസഭയിലേക്ക് പരിഗണിക്കുന്നുണ്ട്.ചാക്കോയ്ക്കും ചെറിയാന്‍ ഫിലിപ്പിനും സീറ്റ് ലഭിച്ചാല്‍ രണ്ട് മുന്‍ കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷത്തിന്റെ കൈത്താങ്ങില്‍ രാജ്യസഭാ എം പിമാരാകും. സി പി.എമ്മിനുള്ളില്‍ തന്നെ ഇതിനെതിരെ എതിര്‍പ്പുയരാന്‍ സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകും.

No comments