ജനാധിപത്യ കേരള കോണ്‍ഗ്രസിന് എല്‍ ഡി എഫില്‍ കടുംവെട്ട്..!! സീറ്റ് കിട്ടാത്തതില്‍ നിരാശരായി നേതാക്കള്‍.. ഇതേ അവസ്ഥ ഇനി..
തിരുവനന്തപുരം: എല്‍.ഡി.എഫ് സീറ്റ് ചര്‍ച്ചയില്‍ തഴയപ്പെട്ടതിന്റെ നിരാശയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനുളളില്‍ അമര്‍ഷം പുകയുന്നു. അനുകൂല സാഹചര്യമുണ്ടായിരുന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റിലും തോറ്റതും ജോസ് കെ മാണി എല്‍.ഡി.എഫില്‍ എത്തിയതുമാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാക്കിയിരിക്കുന്നത്.
യു.ഡി.എഫ് വിട്ടു വന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടാക്കിയെടുത്ത ഗ്ലാമര്‍ പരിവേഷം ഇത്തവണ പാര്‍ട്ടിക്കില്ല. ഇതോടെയാണ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ അവസാന നിമിഷം എവിടേയ്‌ക്ക് പോകുമെന്ന ആശയക്കുഴപ്പത്തിലാണ് ഇവര്‍. അതേസമയം, തിരുവനന്തപുരം സീറ്റ് ഉറപ്പിച്ച ആന്റണിരാജു മുന്നണിയില്‍ ഉറച്ച് നില്‍ക്കും.
കാലാകാലങ്ങളായി ഇടതുമുന്നണിയോട് ചേര്‍ന്ന് നിന്നിരുന്ന പല രാഷ്ട്രീയ കക്ഷികള്‍ക്കും കിട്ടാത്ത പരിഗണനയായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസിന് എല്‍.ഡി.എഫ് 2016ല്‍ നല്‍കിയത്. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനും ആന്റണിരാജുവിനും അടക്കമുളളവര്‍ക്ക് ഇത് മുതലാക്കാനായില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് 2016 മാര്‍ച്ചിലായിരുന്നു പാര്‍ട്ടി നിലവില്‍ വന്നത്.
ഇത്തവണ അങ്കമാലി മുതല്‍ തിരുവല്ല വരെയുളള സീറ്റുകളില്‍ ഒന്ന് നല്‍കണമെന്ന ആവശ്യം ജനാധിപത്യ കേരളകോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. ജോസ് കെ മാണി കൂടി വന്ന സാഹചര്യത്തില്‍ വിജയസാദ്ധ്യതയുളള സീറ്റ് നല്‍കുക വളരെ ബുദ്ധിമുട്ടാണെന്ന സൂചനയാണ് സി.പി.എം നല്‍കുന്നത്. മദ്ധ്യകേരളത്തില്‍ പേരിനൊരു സീറ്റ് പോലുമില്ലെങ്കില്‍ പാര്‍ട്ടിയുടെ നില വലിയ കഷ്‌ടത്തിലാകും. ഇക്കാര്യം എല്‍.ഡി.എഫ് നേതാക്കളെ ആന്റണിരാജു അടക്കമുളളവര്‍ അറിയിച്ചിട്ടുണ്ട്.
ചങ്ങനാശേരി സീറ്റിലായിരുന്നു ജനാധിപത്യ കേരരള കോണ്‍ഗ്രസിന്റെ കണ്ണ്. എന്നാല്‍ ഈ സീറ്റിനായി സി.പി.ഐയും ജോസ് പക്ഷവും പിടിമുറുക്കിയതോടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് വലിയ നിരാശയിലാണ്. സി.പി.ഐക്ക് മത്സരിക്കാന്‍ എത്രയോ സീറ്റുണ്ടെന്നും എന്തിനാണ് ചങ്ങനാശേരിയില്‍ മത്സരിക്കുന്നതെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.
കഴിഞ്ഞ തവണ ഇടുക്കി, പൂഞ്ഞാര്‍, ചങ്ങനാശേരി, തിരുവനന്തപുരം സീറ്റുകളിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ക്രൈസ്‌തവ വോട്ടുകളില്‍ വിളളല്‍ പ്രതീക്ഷിച്ചായിരുന്നു അന്ന് എല്‍.ഡി.എഫ് ഫ്രാന്‍സിസ് ജോര്‍ജിനേയും കൂട്ടരേയും മുന്നണിയിലെടുത്തത്. എന്നാല്‍ പിന്നീട് ഫ്രാന്‍സിസ് ജോര്‍ജ് തന്നെ മുന്നണി വിട്ട് പോവുകയായിരുന്നു.

No comments