കന്യാകുമാരി ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക മത്സരിക്കുമോ..?? തമിഴ്‌നാട്ടില്‍ തീ പാറിക്കും..!!
ചെന്നൈ: കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം. ഇക്കാര്യം ആവശ്യപ്പെട്ട് കാര്‍ത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കത്ത് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്തിന് പ്രിയങ്കയുടെ വരവ് ഗുണകരമാവും എന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് തന്റെ ശ്രമമെന്നാണ് കാര്‍ത്തിയുടെ വിശദീകരണം.
സിറ്റിങ് എംപിയായിരുന്ന വസന്തകുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെത്തുടര്‍ന്നാണ് കന്യാകുമാരി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്തും ഉപതെരഞ്ഞെടുപ്പുണ്ട്.
ഇവ രണ്ടും ഏപ്രില്‍ ആറിനാണ് നടക്കുക.
ഇത് രണ്ടാം തവണയാണ് തമിഴ്‌നാട്ടിലേക്ക് പ്രിയങ്ക ഗാന്ധിയെ എത്തിക്കണമെന്ന ആവശ്യം കാര്‍ത്തി ചിദംബരം മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്ത് ഒരു കരുത്തുറ്റ നേതാവിന്റെ സാന്നിധ്യം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നവംബറിലും കാര്‍ത്തി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
'അതി ശക്തമായ രാഷ്ട്രീയ നീക്കങ്ങളാണ് നമുക്കിനി ആവശ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന ഒരു സുപ്രധാന നീക്കം. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയെ എത്തിക്കണം. തമിഴ്‌നാട് കോണ്‍ഗ്രസിന് അത് വലിയ ഊര്‍ജ്ജമായിരിക്കും', കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.
ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിഎംകെയുമായി ചേര്‍ന്ന് 234 സീറ്റുകളിലും മത്സരം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ-ബിജെപി സഖ്യമാണ് കോണ്‍ഗ്രസ്-ഡിഎംകെ കൂട്ടുകെട്ടിന്റെ മുഖ്യ എതിരാളി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 134 സീറ്റുകള്‍ നേടി എഐഎഡിഎംകെയായിരുന്നു വിജയിച്ച് അധികാരത്തിലെത്തിയത്.

No comments