Breaking News

വട്ടിയൂര്‍ക്കാവില്‍ മുരളീധരനും തരൂരും പറയുന്നത് ഒരേയൊരു പേര്..!! പ്രശാന്തിനെ നേരിടാന്‍ അയാള്‍ തന്നെ വേണമെന്ന് ആവശ്യം..

 


തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാദേശിക നേതാക്കളെ തഴയുന്നതായി കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ന്ന ആക്ഷേപം നിയമസഭാ തിരഞ്ഞെടുപ്പിലും ചര്‍ച്ചയാവുന്നു. ശക്തമായ ത്രികോണമത്സരം പ്രതീക്ഷിക്കുന്ന വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എല്‍.എ വി.കെ. പ്രശാന്തിനെ എതിരിടാന്‍ പോന്ന ജനപ്രിയമുഖങ്ങളെ തഴഞ്ഞ്,​ പുറത്ത് നിന്നുള്ളവരെ കൊണ്ടുവരാന്‍ നീക്കമെന്ന ആക്ഷേപമാണ് പ്രാദേശികനേതൃത്വം ഉയര്‍ത്തുന്നത്.


മുന്‍ അന്താരാഷ്ട്ര നയതന്ത്രജ്ഞന്‍ വേണു രാജാമണിയുടെ പേരിന് മുന്‍തൂക്കം നല്‍കിയുള്ള സ്ഥാനാര്‍ത്ഥി സാദ്ധ്യതാപട്ടിക ചര്‍ച്ച ചെയ്യപ്പെടുമ്ബോഴാണ്, പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ എതിര്‍സ്വരങ്ങളുയരുന്നത്.


എ.ഐ.സി.സി മുന്‍കൈയെടുത്ത് നടത്തിയ സര്‍വേയിലടക്കം വട്ടിയൂര്‍ക്കാവില്‍ പ്രാദേശികതലത്തില്‍ മുന്‍തൂക്കം കിട്ടിയത് കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷനേതാവും വര്‍ഷങ്ങളായി വട്ടിയൂര്‍ക്കാവ് മണ്ഡലം യു.ഡി.എഫ് കണ്‍വീനറുമായ ഡി. സുദര്‍ശനനാണ്. അദ്ദേഹം ഉള്‍പ്പെടെയുള്ളവരെ തഴയുന്നുവെന്നാണ് ആക്ഷേപം.


വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എ കെ. മുരളീധരന്‍ എം.പിയും, ശശി തരൂര്‍ എം.പിയും നിര്‍ദ്ദേശിച്ചത് സുദര്‍ശനനെയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മനസ്സ് തുറന്നിട്ടില്ല.


ബി.ജെ.പി അവരുടെ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ മത്സരിപ്പിക്കാനാണ് നീക്കം. 2011ലെ മണ്ഡല പുനര്‍വിഭജനത്തിന് ശേഷം പഴയ തിരുവനന്തപുരം നോര്‍ത്ത് രൂപം മാറിയാണ് വട്ടിയൂര്‍ക്കാവായത്. മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെട്ടപ്പോള്‍ യു.ഡി.എഫിന് മേല്‍ക്കൈയുള്ള പ്രദേശങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്നും ആ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥി മത്സരരംഗത്തുണ്ടാകണമെന്നുമാണ് പ്രാദേശിക നേതാക്കളുടെ വാദം.


ആര്‍.വി. രാജേഷ്, ജ്യോതി വിജയകുമാര്‍, വീണ എസ്. നായര്‍ തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും പ്രാദേശികതലത്തില്‍ ഡി. സുദര്‍ശനന്റെ പേരിനാണ് മേല്‍ക്കൈ. ഈഴവ സമുദായാംഗമായ അദ്ദേഹം മറ്റ് വിഭാഗങ്ങള്‍ക്കിടയിലും പൊതു സ്വീകാര്യനാണ്. ഉപ തിരഞ്ഞെടുപ്പില്‍ കെ. മോഹന്‍കുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും സമാന രീതിയില്‍ അപസ്വരങ്ങളുയര്‍ന്നിരുന്നു.

No comments