എന്ത് പ്രതീക്ഷയിലാണ് അട്ടിമറി വിജയമെന്ന് പറയുന്നതെന്ന് മനസിലാവുന്നില്ല, അങ്ങനെയൊരു അഭിപ്രായം അവിടുത്തെ സഖാക്കള്‍ക്ക് പോലുമില്ല; തിരുരങ്ങാടി ഉള്‍പ്പെടെ നേടുമെന്ന സിപിഐ വിലയിരുത്തല്‍ തള്ളി കെപിഎ മജീദ്..
തിരുരങ്ങാടി : തിരുരങ്ങാടി ഉള്‍പ്പെടെ കേരളത്തില്‍ മത്സരിച്ച 25 സീറ്റില്‍ 17 ലും വിജയം നേടുമെന്ന സിപിഐ വിലയിരുത്തല്‍ തള്ളി തിരൂരങ്ങാടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ലീഗ് നേതാവുമായ കെപിഎ മജീദ്. എന്ത് പ്രതീക്ഷയിലാണ് സിപിഐ ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയതെന്ന് മനസിലാവുന്നില്ലെന്നും തിരൂരങ്ങാടിയില്‍ യാതൊരു ഭയപ്പാടും ഇല്ലെന്നും കെപിഎ മജീദ് പറഞ്ഞു.
'തിരൂരങ്ങാടിയില്‍ അങ്ങനെയൊരു ഭയപ്പാട് ഇല്ല. എന്ത് പ്രതീക്ഷയിലാണ് അട്ടിമറി വിജയമെന്ന് പറയുന്നതെന്ന് മനസിലാവുന്നില്ല. കാരണം അങ്ങനെയൊരു അഭിപ്രായം അവിടുത്തെ സഖാക്കള്‍ക്ക് പോലുമില്ല. ഇത്തരമൊരു വിലയിരുത്തലിലേക്കാണ് സിപിഐ പോകുന്നതെങ്കില്‍ അവര്‍ വലിയ അപകടത്തിലേക്കാണ് പോകുന്നത്.
സിപിഐയുടെ സ്ഥിതി ദയനീയമാണ്. പരാജയമാണ് ഉണ്ടാവുക.' കെപിഎ മജീദ് പറഞ്ഞു.
കേരളത്തില്‍ തിരൂരങ്ങാടി ഉള്‍പ്പെടെ 17 സീറ്റിലാണ് സിപിഐ വിജയപ്രതീക്ഷ വെക്കുന്നത്. കെപിഎ മജീദിന് എതിരെയുള്ള ലീഗിലെ പ്രശ്നങ്ങളും, സാമുദായിക പിന്തുണയും നിയാസ് പുളിക്കലകത്തിന് അനുകൂലമാകുമെന്നാണ് സിപിഐ കണക്കുകൂട്ടല്‍. ഇടതു പക്ഷത്തിന് 80 സീറ്റുകള്‍ ഉറപ്പായി ലഭിക്കുമെന്നും സിപിഐ പറയുന്നു.

No comments