പാലക്കാട് കോൺഗ്രസിന് കരുത്തേകാന്‍ യുവനിരയെ ഇറക്കാന്‍ കോണ്‍ഗ്രസ്..?? വിടി ബല്‍റാമിന് പാലക്കാടിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചേക്കും..
പാലക്കാട്: പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വികെ ശ്രീകണ്ഠന്‍ എംപി രാജിവെച്ചതിന് പിന്നാലെ യുവനിരയെ ദൗത്യമേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ സുപ്രധാന തീരുമാനമെടുക്കുമെന്നാണ് സൂചന. ഇത്തവണ പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ലഭിക്കും. വിടി ബല്‍റാമിനെ പാലക്കാടിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍.
തൃത്താലയില്‍ എംബി രാജേഷിനോട് തോറ്റെങ്കിലും യുവനേതാവ് എന്ന നിലയില്‍ ബല്‍റാമിന് പിന്തുണയേറെയാണ്. ജനപിന്തുണയുള്ള യുവനേതാക്കളെ ജില്ലാ തലത്തില്‍ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കും സമ്മതാണ്. എംപിയെന്ന നിലയില്‍ പൂര്‍ണസമയവും വിനിയോഗിക്കാനാഗ്രഹിക്കുന്നെന്നും പാര്‍ട്ടിയുടെ അച്ചടക്കമുള്ള നേതാവായി തുടരുമെന്നുമാണ് വികെ ശ്രീകണ്ഠന്‍ രാജി സന്നദ്ധ അറിയിച്ചുകൊണ്ട് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. വികെ ശ്രീകണ്ഠന്‍ പുതിയ നേതൃത്വത്തിന് വേണ്ടി വഴിമാറിയതാണെന്ന സൂചനയും കത്തിലുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മുതല്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറാന്‍ പല തവണ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണെന്നും പുനസംഘടന വരുന്നതു വരെ കാത്തിരിക്കണമെന്നുമാണ് നേതൃത്വത്തില്‍ നിന്നു ലഭിച്ച പ്രതികരണം. എന്നാല്‍ പുനസംഘടന പലകാരണങ്ങള്‍ കൊണ്ട് നീണ്ടു പോവുകയാണെന്നും എംപി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തം തനിക്ക് നിറവേറ്റാനുണ്ടെന്നും വികെ ശ്രീകണ്ഠന്റെ രാജിക്കത്തില്‍ പറയുന്നു.
പാലക്കാട് നിന്ന് വിമത നീക്കങ്ങളുണ്ടാവുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ഉമ്മന്‍ ചാണ്ടി നേരിട്ട് ഗോഥയിലിറങ്ങിയതോടെ വിമത നീക്കങ്ങള്‍ ഇല്ലാതായത്. ബിജെപിയെ പാലാക്കാട് മുട്ടുക്കുത്തിക്കാന്‍ ഷാഫി പറമ്പിലിന് സാധിച്ചതിന് പിന്നിലും ഉമ്മന്‍ ചാണ്ടിയുടെ കരുനീക്കമായിരുന്നു. ബല്‍റാമിനെ പാര്‍ട്ടി ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
പാലാക്കാട് ബിജെപിയുടെ വളര്‍ച്ചയെ തടയിടാന്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കണമെന്നും നിര്‍ദേശമുണ്ട്. ബല്‍റാം സോഷ്യല്‍ മീഡിയയില്‍ സിപിഐഎമ്മിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന നേതാവാണ്. സംഘപരിവാറിനെതിരെ കേരളത്തില്‍ ഉടലെടുത്തിരിക്കുന്ന വികാരം കൃത്യമായി കോണ്‍ഗ്രസ് അനുകൂലമാക്കി മാറ്റാനും ബല്‍റാമിന് സാധിക്കുമെന്ന് അഭിപ്രായമുയര്‍ന്നതായും സൂചനയുണ്ട്. നേരത്തെ വിമത നീക്കങ്ങള്‍ക്ക് ശ്രമിച്ച എവി ഗോപിനാഥിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

No comments