Breaking News

കത്ത് വിവാദം തണുപ്പിക്കാന്‍ ചെന്നിത്തല ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു; സുധാകരന്‍റെ വരവ് തടയാന്‍ ഗ്രൂപ്പുകള്‍, കെ പി സി സി അദ്ധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും..

 


തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടായേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം ഒഴിഞ്ഞ സാഹചര്യത്തില്‍ പ്രഖ്യാപനം നീളില്ലെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചന നല്‍കി. എന്നാല്‍ ആരാകണം പുതിയ അദ്ധ്യക്ഷന്‍ എന്നതിനെ കുറിച്ച്‌ ഹൈക്കമാന്‍ഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.


കെ സുധാകരന്‍റെ പേരിനു മുന്‍‌തൂക്കം ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ശൈലി ഭാവിയില്‍ പാര്‍ട്ടിക്ക് വിനയാകുമെന്ന് ചില നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷിന്‍റെ പേരും സജീവമായി ഹൈക്കമാന്‍ഡിന്‍റെ പരിഗണനയിലുണ്ട്.


ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് എ,ഐ ഗ്രൂപ്പ് നേതാക്കളുടെ ആക്ഷേപം.


നേതാക്കള്‍ ഗ്രൂപ്പുകളെപ്പറ്റി ഇല്ലാത്ത കാര്യങ്ങളറിയിച്ച്‌ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു. കെ പി സി സി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസില്‍ പുതിയ ചേരിതിരിവിന് വഴിതെളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സുധാകരന് പകരം മറ്റൊരാള്‍ അദ്ധ്യക്ഷനായാല്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികളുണ്ടാകും.


അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച്‌ വി.ഡി സതീശനും കെ.സി വേണുഗോപാലും കെ.സുധാകരനും ദിവസങ്ങളോളം ചര്‍ച്ച നടത്തുകയാണെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ഇവരുടെ സര്‍മ്മര്‍ദ്ദം കാരണമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശന്‍ വന്നത്. കെ.പി.സി.സി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിലും ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലപാടെടുക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുന്നത് ഇവരുടെ തന്ത്രങ്ങളാണെന്നാണ് ആക്ഷേപം.ഗ്രൂപ്പിനൊപ്പം നിന്ന ചിലരും ഇവരുടെ കെണിയില്‍ വീണെന്ന് നേതാക്കള്‍ പറയുന്നു.


അതേസമയം, രമേശ് ചെന്നിത്തല സോണിയഗാന്ധിക്കയച്ച കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഇരു ഗ്രൂപ്പുകള്‍ക്കുമിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ത്തതായാണ് വിവരം. രമേശ് തന്നെ ഉമ്മന്‍ചാണ്ടിയോട് സംസാരിച്ച്‌ പ്രശ്‌നം പരിഹരിച്ചെന്ന് ഒരു ഐ ഗ്രൂപ്പ് നേതാവ് വ്യക്തമാക്കി. കത്ത് വിവാദമാക്കാനില്ലെന്ന് കെ സി ജോസഫ് പറഞ്ഞത് ഇതേ തുടര്‍ന്നാണെന്നാണ് അദ്ദേഹം പറയുന്നത്.

No comments