'ഞങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്, ഇനിയൊരു 25 വര്‍ഷം അങ്ങനെ തുടരും'; എന്‍.സി.പിക്ക് മറുപടിയുമായി ശിവസേന നേതാവ്..!! എന്ത് വില കൊടുത്തും..
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള എന്‍.സി.പി നേതാവിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ശിവസേന നേതാവ് ശിവാജിറാവു അദല്‍റാവു പാട്ടീല്‍. ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ അനുമതിയോടു കൂടിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍.സി.പി നേതാവും എം.പിയുമായ അമോല്‍ ഖോലെ പറഞ്ഞത്. ഇതിനാണ് അദല്‍റാവു പാട്ടീലിന്‍റെ മറുപടി.
'മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിച്ചത് ശിവസേനയാണ്. ഇനിവരുന്ന 25 വര്‍ഷവും അങ്ങനെ തന്നെയായിരിക്കും' -അദല്‍റാവു പാട്ടീല്‍ പറഞ്ഞു.
അതേസമയം, വിവാദമായതോടെ തന്‍റെ പ്രസ്താവന അമോല്‍ ഖോലെ തിരുത്തിയിരുന്നു.
തനിക്ക് ഉദ്ദവ് താക്കറെയോട് അങ്ങേയറ്റം ബഹുമാനമാണെന്നും തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.
എന്നാല്‍, ശരദ് പവാര്‍ നിര്‍ദേശം നല്‍കിയതോടെയാണ് അമോല്‍ ഖോലെ പ്രസ്താവന തിരുത്തിയതെന്ന് അദല്‍റാവു പറഞ്ഞു.
ബൈപാസ് റോഡ് ഉദ്ഘാടന ക്ഷണക്കത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ലാത്തതുമായി ബന്ധപ്പെട്ടാണ് സഖ്യകക്ഷികള്‍ തമ്മില്‍ വാഗ്വാദം ആരംഭിച്ചത്. താനാണ് ബൈപാസിന് തുടക്കമിട്ടതെന്ന് മുന്‍ എം.പിയായ അദല്‍റാവു അവകാശപ്പെട്ടു. എന്നാല്‍, താനാണ് ബൈപാസ് പൂര്‍ത്തിയാക്കിയതെന്നായിരുന്നു അമോല്‍ ഖോലെയുടെ വാദം. ഇതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെയും പ്രസ്താവന നടത്തിയത്.
അതിനിടെ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് എന്‍.സി.പി അറിയിച്ചെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പവാറും എന്‍.സി.പിയും എന്‍.ഡി.എ സഖ്യത്തില്‍ ചേരണമെന്നും മഹാരാഷ്ട്രയില്‍ ശിവസേന സഖ്യം വിട്ട് എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഇന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവല പ്രസ്താവിച്ചിരുന്നു.

No comments