പ്രമുഖരെ തിരിച്ചുവിളിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി സമിതികള്‍ പുനഃസംഘടിപ്പിച്ച് സോണിയ ഗാന്ധി.. മുന്നേറ്റം നടത്താൻ..
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ തിരിച്ചുവരവിന് ശ്രമം ശക്തമാക്കിയ കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രിമാരുള്‍പെടെ പ്രമുഖരെ തിരിച്ചുവിളിച്ച് പാര്‍ലമെന്‍റിലെ പാര്‍ട്ടി നേതൃ സമിതികള്‍ പുനഃസംഘടിപ്പിച്ചു. പി. ചിദംബരം, മനീഷ് തിവാരി, അംബിക സോണി, മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ് തുടങ്ങിയവര്‍ക്ക് അവസരം നല്‍കിയാണ് പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് തലേന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സമിതികള്‍ കൂടുതല്‍ സജീവമാക്കാന്‍ നടപടി സ്വീകരിച്ചത്.
ലോക്സഭയിലെ പാര്‍ട്ടി നേതാവായി ബംഗാളില്‍നിന്നുള്ള എം.പി അധീര്‍ രഞ്ജന്‍ ചൗധരി തുടരും. ചൗധരിയുടെ പകരക്കാരാകുമെന്ന് കരുതിയിരുന്ന മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരെ സമിതിയില്‍ ഉള്‍പെടുത്തി.
പാര്‍ലമെന്‍റ് ചേരുന്നതിന് മുമ്ബും ഇടവേളകളിലും ഈ സമിതികള്‍ േചര്‍ന്ന് നിര്‍ണായക തീരുമാനങ്ങളെടുക്കും. ഗൗരവ് ഗൊഗോയ് ആണ് ഉപനേതാവ്. കെ. സുരേഷ് ചീഫ് വിപ്പാകും. വിപ്പുമാരായി രവ്നീത് സിങ് ബിട്ടു, മാണിക്കം ടാഗോര്‍ എന്നിവരുമുണ്ടാകും.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവും ആനന്ദ് ശര്‍മ ഉപനേതാവും ജയ്റാം രമേശ് ചീഫ് വിപ്പുമായ രാജ്യസഭ സമിതിയില്‍ ചിദംബരം, അംബിക സോണി, ദിഗ്വിജയ് സിങ് എന്നിവരുമുണ്ടാകും.
തിങ്കളാഴ്ചയാണ് പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. സമ്ബദ്വ്യവസ്ഥ, വാക്സിനേഷന്, തൊഴില്‍ നഷ്ടം, കര്‍ഷക നിയമം തുടങ്ങിയ വിഷയങ്ങള്‍ സജീവമായി രംഗത്തുളളതിനാല്‍ പാര്‍ലമെന്‍റ് പ്രക്ഷുബ്ധമാകും.
വിവിധ പാര്‍ട്ടികളുമായി സഹകരിച്ച് നയം തീരുമാനിക്കല്‍, അംഗങ്ങളുടെ എണ്ണം സമാഹരിക്കല്‍, ഏതൊക്കെ വിഷയം ഉയര്‍ത്തിപ്പിടിക്കണമെന്ന് നിര്‍ണയിക്കല്‍ തുടങ്ങിയവയാകും ഇരു സഭകളിലെയും കോണ്‍ഗ്രസ് നേതൃതല സമിതികളുടെ പ്രധാന ചുമതല.
എല്ലാ പാര്‍ട്ടികളുമായും സഹകരിച്ച് സമരം ശക്തമാക്കാന്‍ കഴിഞ്ഞ ആഴ്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രത്യേകം തെരഞ്ഞെടുത്തിരുന്നു. ബി.ജെ.പി ഇതര കക്ഷികളുടെ അനൈക്യം വില്ലനാകുന്ന സാഹചര്യത്തിലാണ് നീക്കം. മുത്തലാഖ്, 370ാം വകുപ്പ് എടുത്തുകളയല്‍തുടങ്ങിയ വിഷയങ്ങളില്‍ ഭരണകക്ഷിക്ക് അനായാസം ബില്ലുകള്‍ പാസാക്കാന്‍ ഇതുവഴി സാധ്യമായി.
2024ലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രാദേശിക കക്ഷികള്‍ കൂടുതല്‍ ഇടമുറപ്പിക്കാന്‍ ശ്രമം നടത്തുന്നത് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്. നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, ചിദംബരം എന്നിവര്‍ നേതൃത്വം നല്‍കുന്ന രണ്ട് ഉന്നത തല സമിതികള്‍ കോണ്‍ഗ്രസിനുണ്ട്. പാര്‍ലമെന്‍ററി പ്രവര്‍ത്തനം സംബന്ധിച്ച വലിയ വിഷയങ്ങള്‍ തീരുമാനിക്കാനുള്ളതാണ് സോണിയ അധ്യക്ഷയായ സമിതിയെങ്കില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലുകള്‍ പഠിക്കാനുള്ളതാണ് ചിദംബരത്തിന്‍റെ നേതൃത്വത്തിലുള്ള സമിതി.

No comments