Breaking News

കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് സാദ്ധ്യത, കേരളത്തിലെ പ്രമുഖ നേതാവ് താക്കോല്‍ സ്ഥാനത്തെത്തുമെന്നും സൂചന..

 


തിരുവനന്തപുരം: ബ്ലോക്ക്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും കെ.പി.സി.സിയുടെയും പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാര്‍ നാളെ മുതല്‍ നടത്താനിരുന്ന സംസ്ഥാന പര്യടനം നീട്ടിവച്ചു. നാല് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എ.ഐ.സി.സി തലത്തില്‍ ചില പുന:സംഘടനകള്‍ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് യാത്ര മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ പുന:സംഘടനാകാര്യത്തില്‍ ദേശീയ നേതൃത്വം ഇടപെടുന്നതിനോട് ഇവിടത്തെ നേതാക്കള്‍ക്കുള്ള വിയോജിപ്പും വരവ് മാറ്റി വയ്ക്കുന്നതിലുണ്ടായിട്ടുണ്ടെന്നാണ് സൂചന.


ഈ മാസം 31 വരെ മൂന്ന് മേഖലകളായി തിരിച്ച്‌ എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹന്‍, ഐവാന്‍ ഡിസൂസ, വിശ്വനാഥ് പെരുമാള്‍ എന്നിവര്‍ പര്യടനം നടത്തി എം.എല്‍.എമാര്‍, എം.പിമാര്‍, ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരുമായെല്ലാം സംവദിക്കാനായിരുന്നു തീരുമാനം. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ള മുതിര്‍ന്ന നേതാക്കളോടും സംസാരിച്ച ശേഷം ആഗസ്റ്റ് പതിനഞ്ചിനകം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുന:സംഘടനയിലേക്ക് നീങ്ങുമെന്നാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഇതിലാണ് സംസ്ഥാനത്തെ എല്ലാ മുതിര്‍ന്ന നേതാക്കളും ഒന്നിച്ച്‌ വിയോജിപ്പുമായി രംഗത്തെത്തിയത്. ഇതും സെക്രട്ടറിമാരുടെ യാത്ര മാറ്റിവയ്ക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചതായി സംശയിക്കുന്നു.


എന്നാല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എ.ഐ.സി.സിയില്‍ ഉടന്‍ അഴിച്ചുപണി നടക്കുമെന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുന്നുവെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്. ഇപ്പോള്‍ കേരളത്തിന്റെ ചുമതലയിലുള്ള മൂന്ന് സെക്രട്ടറിമാരില്‍ ഒരാളെ ഗോവയുടെ ചുമതലയിലേക്ക് മാറ്റാനിടയുണ്ട്. ആഗസ്റ്റ് ആദ്യത്തോടെ അഴിച്ചുപണി പൂര്‍ത്തിയായ ശേഷമാകും കേരളത്തിലെ പുന:സംഘടന ചര്‍ച്ചകളിലേക്ക് നീങ്ങുക. എ.ഐ.സി.സിയില്‍ അഴിച്ചുപണിയുണ്ടാകുമ്ബോള്‍ കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തലയ്ക്ക് ദേശീയതലത്തില്‍ പാര്‍ട്ടി ചുമതല ലഭിച്ചേക്കുമെന്നും അറിയുന്നു. എ.ഐ.സി.സി ജനറല്‍സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടി ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവായേക്കും.

No comments