Breaking News

കേരള കോണ്‍ഗ്രസിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ തിരുവോണ നാളില്‍ മാണി സി. കാപ്പന്റെ..


 പാലായിലെ രാഷ്ട്രീയ പോരാട്ടം തിരഞ്ഞെടുപ്പുകളിലും അവസാനിക്കുന്നില്ല. കേരള കോണ്‍ഗ്രസ് (എം) തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ യു.ഡി.എഫ് പ്രവര്‍ത്തകരേയും അനുഭാവികളെയും കള്ളക്കേസില്‍ കുടുക്കി രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്നുവെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ തിരുവോണ നാളില്‍ 'ഉണ്ണാവ്രത സത്യാഗ്രഹം' നടത്തുമെന്ന് മാണി സി.കാപ്പന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.


സത്യാഗ്രഹത്തില്‍ യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. തിരുവോണ ദിനമായ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ ളാലം പാലം ജംഗ്ഷനിലാണ് സത്യാഗ്രഹം.


പ്രൊഫസര്‍ കെ എം ചാണ്ടിയുടെ കൊച്ചു മകന്‍ സഞ്ജയ് സക്കറിയാസിനെതിരെ സ്റ്റീഫന്‍ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും തുടര്‍ച്ചയായി കോടതി അവധികള്‍ വരുന്ന ദിവസങ്ങള്‍ നോക്കി അറസ്റ്റിന് നീക്കം നടത്തുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് തിരുവോണനാളില്‍ സത്യഗ്രഹം നടത്തുവാന്‍ തീരുമാനിച്ചതെന്ന് മാണി സി.കാപ്പന്‍ പറയുന്നു.


പാലായുടെ സംസ്‌കാരത്തിനും പൈതൃകത്തിനും ചേരാത്ത നിലയിലുള്ള ജനാധിപത്യ വിരുദ്ധതയും രാഷ്ട്രീയ സമീപനവുമാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ ജനവികാരം ഉയര്‍ന്നു വരുവാനും യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് തിരുവോണനാളില്‍ ഉപവസിക്കുവാന്‍ നിര്‍ബന്ധിതനാകുന്നത്. സ്വതന്ത്രമായ രാഷ്ട്രീയ ചിന്തകളെയും, നിലപാടുകളെയും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ശൈലി പാലായുട പൈതൃകത്തിന് ചേര്‍ന്നതല്ല. ജനാധിപത്യത്തിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള ഒരു പോരാട്ടമാണ് തിരുവോണനാളില്‍ നടത്തുന്നത്. -കാപ്പന്‍ പറഞ്ഞു.


പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:


തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരെയും അനുഭാവികളെയും കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്ന കേരള കോണ്‍ഗ്രസ് പ്രതികാര രാഷ്ട്രീയത്തിനും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ സമൂഹ മന:സാക്ഷി ഉണര്‍ത്താന്‍ തിരുവോണനാളില്‍ (21/08/2021, ശനി) ഉണ്ണാവ്രത സത്യഗ്രഹം നടത്തുകയാണ്.

സത്യഗ്രഹസമരത്തില്‍ യുഡിഎഫ് നേതാക്കളും പങ്കാളികളാകും.

യശശരീരനായ പ്രൊഫസര്‍ കെ എം ചാണ്ടിയുടെ കൊച്ചു മകന്‍ സഞ്ജയ് സക്കറിയാസിനെതിരെ സ്റ്റീഫന്‍ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും തുടര്‍ച്ചയായി കോടതി അവധികള്‍ വരുന്ന ദിവസങ്ങള്‍ നോക്കി അറസ്റ്റിന് നീക്കം നടത്തുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് തിരുവോണനാളില്‍ സത്യഗ്രഹം നടത്തുവാന്‍ തീരുമാനിച്ചത്. അധികാരത്തിന്‍റെ ധാര്‍ഷ്ട്യത്തില്‍ രാഷ്ട്രീയ എതിര്‍ ശബ്ദമുയര്‍ത്തുന്ന യുഡിഎഫ് പ്രവര്‍ത്തകരെയും അനുഭാവികളെയും, പൊതുജനങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങളെ കൈയും കെട്ടി നോക്കി നില്‍ക്കില്ല. ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടും. പോലീസിനെ സമ്മര്‍ദ്ദത്തില്‍ പെടുത്തിയാണ് അടിസ്ഥാനരഹിതങ്ങളായ ജാമ്യമില്ലാ വകുപ്പുകള്‍ കേസുകളില്‍ കുത്തി തിരുകുന്നത്. ഇത് പാലായിലെ ജനാധിപത്യ ജനവിധിയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ.

പാലായുടെ സംസ്കാരത്തിനും പൈതൃകത്തിനും ചേരാത്ത നിലയിലുള്ള ജനാധിപത്യ വിരുദ്ധതയും രാഷ്ട്രീയ സമീപനവുമാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ ജനവികാരം ഉയര്‍ന്നു വരുവാനും യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് തിരുവോണനാളില്‍ ഉപവസിക്കുവാന്‍ നിര്‍ബന്ധിതനാകുന്നത്. സ്വതന്ത്രമായ രാഷ്ട്രീയ ചിന്തകളെയും, നിലപാടുകളെയും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ശൈലി പാലായുട പൈതൃകത്തിന് ചേര്‍ന്നതല്ല. ജനാധിപത്യത്തിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള ഒരു പോരാട്ടമാണ് തിരുവോണനാളില്‍ നടത്തുന്നത്.

യുഡിഎഫിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമാധാനപൂര്‍ണമായ പ്രതിഷേധത്തിന് പൗര ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ളാലം പാലം ജംഗ്ഷനില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

No comments