Breaking News

നേതാക്കൾക്ക് എതിരെ നടപടിയെടുത്തവര്‍ തങ്ങളുടെ ചരിത്രം ഓര്‍ക്കണമെന്ന് കെസി ജോസഫ്..!! ഒറ്റ ദിവസം കൊണ്ട് വർഷങ്ങൾക്ക് കൊണ്ട് നേടിയ ജനകീയത കളഞ്ഞ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും..!! കോൺഗ്രസിന് വേണ്ടി..

 


ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിലെ പ്രതിഷേധം പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സിജോസഫ്. പരസ്യ പ്രതികരണത്തിന്‍റെ പേരില്‍ നേതാക്കളെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും അദ്ദേഹം തുറന്നടിച്ചു.


ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ എല്ലാമുണ്ടെന്ന് പറഞ്ഞ കെ.സി. ജോസഫ്, നേതാക്കളോട് സാമാന്യ മര്യാദ കാട്ടിയില്ലെന്നും പ്രതികരിച്ചു. പരസ്യ പ്രതികരണം നടത്താത്ത നേതാക്കളില്ല. നടപടിയെടുത്തവര്‍ തങ്ങളുടെ ചരിത്രം ഓര്‍ക്കണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.


കോണ്‍ഗ്രസ് ഹൈകമാന്‍ഡിനെ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി അധ്യക്ഷന്മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തണമായിരുന്നു. എന്നാല്‍, അത്തരം ചര്‍ച്ചകള്‍ നടന്നില്ല. അതില്‍ ദു:ഖവും പ്രതിഷേധവുമുണ്ട്. എല്ലാവരും കൂടിയാലോചിച്ചിരുന്നെങ്കില്‍ തലവേദനയില്ലാത്ത പട്ടികയുണ്ടാക്കാന്‍ സാധിക്കുമായിരുന്നു -കെ.സി. ജോസഫ് പറഞ്ഞു.


ഡി.സി.സി അധ്യക്ഷ പട്ടികക്കെതിരെ സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച്‌ പ്രതിഷേധമുയര്‍ത്തുകയാണ്. ഡി.സി.സി പട്ടിക സംബന്ധിച്ച്‌ കാര്യമായ ചര്‍ച്ച നടന്നില്ലെന്നും അതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നല്ല അന്തരീക്ഷം ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നു. ചര്‍ച്ച കാര്യമായി നടത്തിയില്ല. ചര്‍ച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും ചര്‍ച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. മുമ്ബെല്ലാം പുനഃസംഘടനയെക്കുറിച്ച്‌ ഫലപ്രദമായ ചര്‍ച്ച നടക്കുന്നത് കൊണ്ട് ഇതുപോലെ പ്രശ്നം ഉണ്ടായിരുന്നില്ല -അദ്ദേഹം പറഞ്ഞു.


പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചയുണ്ടായില്ലെന്ന കുറ്റപ്പെടുത്തലുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. എല്ലാവര്‍ക്കും ഗ്രൂപ്പുണ്ട്. എല്ലാവരും ഗ്രൂപ്പ് മാനേജര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും ചെന്നിത്തല പറഞ്ഞു.


ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെയും വലിയ പ്രതിഷേധമുയരുന്നുണ്ട്.


അംഗത്വം റദ്ദാക്കാന്‍ സാധിച്ചേക്കും, എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ സാധിക്കില്ലെന്നാണ് ശിവദാസന്‍ നായര്‍ പ്രതികരിച്ചത്. തന്‍റെ കൂടി രക്തം കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണിത്. എന്നും കോണ്‍ഗ്രസുകാരനായിരിക്കും. അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശപരമായ വിമര്‍ശനം പാടില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയല്ലാതാകും. ഇപ്പോള്‍ പ്രതികരിച്ചത് ഭാവിയില്‍ കുറ്റബോധം തോന്നാതിരിക്കാനാണ്. കെ. സുധാകരനോട് വിയോജിപ്പില്ല. വിമര്‍ശനമുയര്‍ന്നവര്‍ അത് ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.


അതേസമയം, തന്നെ സസ്പെന്‍ഡ് ചെയ്തതിനോട് കെ.പി. അനില്‍കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാര്‍ ആരോപിച്ചു. സസ്പെന്‍ഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസില്‍ കയറാന്‍ ആളുകള്‍ ഇനി ഭയക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാര്‍ട്ടിക്കകത്ത് വെച്ചുചേര്‍ക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണ്. ഗ്രൂപ്പിനതീതമായ ഒരാളെയെങ്കിലും കാണിക്കാന്‍ സാധിക്കുമോ. കോണ്‍ഗ്രസിലെ പൂരം ഉടന്‍ തുടങ്ങും. കാണാനിരിക്കുന്നത് ഇപ്പോള്‍ പറഞ്ഞറിയിക്കുന്നില്ലെന്നും അനില്‍ കുമാര്‍ പ്രതികരിച്ചു.

No comments