Breaking News

യുപിയില്‍ ചെറു കക്ഷികളെ കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ എസ്പി..!! കോൺഗ്രസിന്റെ കാര്യത്തിൽ..



ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറുകക്ഷികളെ ചേര്‍ത്ത് സഖ്യം രൂപീകരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി(എസ്പി). എസ്പി തലവന്‍ അഖിലേഷ് യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയോടാണോ എസ്പിയോടാണോ പോരാട്ടമെന്ന് കോണ്‍ഗ്രസും ബിഎസ്പിയും തീരുമാനിക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു.

പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളെക്കുറിച്ച്‌ അഖിലേഷ് മനസുതുറന്നത്. എല്ലാ ചെറുകക്ഷികള്‍ക്കും മുന്നില്‍ എസ്പി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നിരവധി ചെറുകക്ഷികള്‍ ഇപ്പോള്‍ തന്നെ ഞങ്ങളുടെ കൂടെയുണ്ട്. കൂടുതല്‍ കക്ഷികള്‍ ഇനിയും കൂടെച്ചേരും-അദ്ദേഹം സൂചിപ്പിച്ചു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനിരിക്കുന്ന അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടിയെക്കുറിച്ചും അഖിലേഷ് പ്രതികരിച്ചു.

ബിജെപിയെ പരാജയപ്പെടുത്താന്‍ മുഴുവന്‍ കക്ഷികളെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മുമായും ഓം പ്രകാശ് രാജ്ബറിന്റെ എസ്ബിഎസ്പിയുമായും ഇതുവരെ സഖ്യചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ അഖിലേഷ് രൂക്ഷമായി വിമര്‍ശിച്ചു. എന്‍ഡിഎയ്ക്ക് ലോക്‌സഭയില്‍ 350ലേറെ അംഗങ്ങളുണ്ട്. നിരവധി സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നതും. അപ്പോള്‍ ഈ ഒളിഞ്ഞുനോട്ടം എന്തിനാണ്? അതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് എന്താണ്? വിദേശശക്തികളെ സഹായിക്കുകയാണ് അതുവഴി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

No comments