Breaking News

ജനകീയ യാത്ര : ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവരെ വെറുതെവിട്ടു..

 


കൊച്ചി: മെട്രോ ജനകീയ യാത്രാ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള 29 പ്രതികളെയും വെറുതെവിട്ടു. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ മെട്രോയില്‍ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു ഇവര്‍ക്കെതിരെയുളള കേസ്.


കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയ വത്കരിച്ചു എന്നാരോപിച്ച്‌ 2017 ലാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ ജനകീയ യാത്ര സംഘടിപ്പിച്ചത്. നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയതോടെ ആലുവയിലെയും പാലാരിവട്ടത്തെയും സ്റ്റേഷനുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ആകെ താറുമാറായി.


ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകള്‍ തിരക്ക് നിമിത്തം തുറന്നിടേണ്ടിയും വന്നു. യാത്രക്കിടെ പ്രവര്‍ത്തകര്‍ ട്രെയിനില്‍ വച്ചും. സ്റ്റേഷനില്‍ വച്ചും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മെട്രോ ചട്ടം അനുസരിച്ച്‌ ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ വരെ പിഴയും ആറുമാസം തടവുശിക്ഷ ലഭിക്കാവുന്നതും ആയ കുറ്റമാണ്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപ പിഴയും നല്‍കണം.


ജനകീയ യാത്രക്കിടെ പ്ളാറ്റ്ഫോമില്‍ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു തിക്കും തിരക്കും. ഇതിനെത്തുടര്‍ന്നായിരുന്നു കേസെടുത്തത്.

No comments