Breaking News

കര്‍ണാടക ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറി..?? രാജി ഭീഷണി മുഴക്കി മന്ത്രിമാര്‍, സര്‍ക്കാരില്‍ പ്രതിസന്ധി..

 


ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജി ഭീഷണിയുമായി മന്ത്രി ആനന്ദ് സിങ്ങും എം.ടി.ബി നാഗരാജും. വിജയനഗര്‍ ജില്ലയിലെ ഹോസ്പേട്ടിലെ എം.എല്‍.എ ഒാഫീസ് അടച്ചുപൂട്ടിയ ആനന്ദ് സിങ് ബുധനാഴ്ച മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. താന്‍ ആവശ്യപ്പെട്ട വകുപ്പ് നല്‍കിയില്ലെങ്കില്‍ ബി.ജെ.പി വിടുമെന്നാണ് ആനന്ദ് സിങ് യെദിയൂരപ്പയെ അറിയിച്ചത്.


കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് രാജി കത്ത് നല്‍കിയെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. എന്നാല്‍, വകുപ്പുകളില്‍ മാറ്റം വരുത്താതെ മന്ത്രിയായി തുടരില്ലെന്ന ഉറച്ച നിലപാടിലാണ് ആനന്ദ് സിങ്.


പ്രശ്ന പരിഹാരത്തിനായി നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒാഫീസ് അടച്ചുപൂട്ടിയതിന് പുറമെ മൊബൈല്‍ ഫോണും ആനന്ദ് സിങ് സ്വിച്ച്‌ ഒാഫ് ചെയ്തതായാണ് വിവരം.


വകുപ്പ് വിഭജനത്തില്‍ അതൃപ്തനായ എം.ടി.ബി നാഗരാജുവും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസ്ഥിതി-ടൂറിസം വകുപ്പാണ് ആനന്ദ് സിങിന് ലഭിച്ചത്. മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പാണ് എം.ടി.ബി നാഗരാജുവിന് നല്‍കിയത്. വനം, ഊര്‍ജ വകുപ്പുകളോ പൊതുമരാമത്ത് വകുപ്പോ നല്‍കണമെന്നാണ് ആനന്ദ് സിങിെന്‍റ ആവശ്യം. അതുപോലെ പാര്‍പ്പിട വകുപ്പ് ലഭിക്കണമെന്നാണ് നാഗരാജ് വ്യക്തമാക്കുന്നത്.


സഖ്യസര്‍ക്കാരില്‍നിന്നും വിമത നീക്കം നടത്തിയ ബി.ജെ.പിയിലെത്തിയ 17 നേതാക്കളില്‍ ഉള്‍പ്പെടുന്നവരാണ് ആനന്ദ് സിങും നാഗരാജും. വകുപ്പ് വിഭജനത്തിലെ അതൃപ്തിക്കിടെ മന്ത്രിസ്ഥാനം ലഭിക്കാത്ത നേതാക്കളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്. എം.എല്‍.എ ജി. രാജു ഗൗഡയും യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.


മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി നേതാവ് അപ്പാച്ചു രഞ്ജ​െന്‍റ അനുയായികള്‍ കുടകിലെ കുശാല്‍നഗറില്‍നിന്ന് 150ലധികം വാഹനങ്ങളിലായി ഫ്രീഡം പാര്‍ക്കിലേക്ക് കാര്‍ റാലി നടത്തി. തുടര്‍ന്ന് നേതാക്കള്‍ യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.


15വര്‍ഷത്തെ രാഷ്​​ട്രീയ ജീവിതത്തില്‍ തന്നെ സംരക്ഷിക്കാന്‍ നേതാക്കളും സുഹൃത്തുക്കളും ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചുവെന്നും എല്ലാ പ്രതീക്ഷയും നഷ്​​ടമായെന്നും ഹോസ്പേട്ടിലെ വേണുഗോപാല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം ആനന്ദ് സിങ് തുറന്നടിച്ചു. ഈ ക്ഷേത്രത്തല്‍നിന്നാണ് രാഷ്​​ട്രീയ ജീവിതം ആരംഭിച്ചത്. വേണമെങ്കില്‍ ഇവിടെ തന്നെ അത് അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.


പ്രശ്ന പരിഹാരത്തിന് കേന്ദ്ര നേതാക്കളുമായി സംസാരിക്കേണ്ടതുണ്ടെന്നും താനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും ആനന്ദ് സിങുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മന്ത്രി സ്ഥാനം ലഭിക്കാത്ത നേതാക്കളായ സി.പി. യോഗേശ്വര്‍, രമേശ് ജാര്‍ക്കിഹോളി, എം.പി രേണുകാചാര്യ, അരവിന്ദ് ബെള്ളാഡ്, ബസനഗൗഡ പാട്ടീല്‍ യത്നാല്‍, ശ്രീമന്ത് പാട്ടീല്‍, മഹേഷ് കുമത്തള്ളി തുടങ്ങിയവര്‍ ഡല്‍ഹിയില്‍ ക്യാമ്ബ് ചെയ്യുകയാണെന്നാണ് വിവരം. പുതിയ രാഷ്​​ട്രീയ പ്രതിസന്ധിക്കിടെ ബി.ജെ.പി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

No comments