ഇക്കുറി യു പി കോണ്‍ഗ്രസ് കൊണ്ടുപോകുമോ..?? സംസ്ഥാന ഭരണം പിടിക്കാന്‍ പ്രിയങ്കയുടെ തമിഴ്‌നാട് മോഡല്‍ തന്ത്രം..
ഉത്തര്‍പ്രദേശ് തിരികെപ്പിടിക്കാന്‍ വമ്ബന്‍ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങള്‍ നല്‍കി പ്രിയങ്കാ ഗാന്ധി.
സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ലക്ഷംരൂപ വരെയുള്ള ചികിത്സകള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നാണ് പ്രധാന വാഗ്ദ്ധാനങ്ങളില്‍ ഒന്ന്. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഈ വാഗ്ദ്ധാനം നല്‍കിയത്. കൊവിഡ് മഹാമാരിക്കിടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങളുടെ ദയനീയ അവസ്ഥ കണ്ടാണ് ഇത്തരമൊരു വാഗ്ദ്ധാനം നല്‍കുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ എന്ത് അസുഖത്തിനും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും പത്ത് ലക്ഷം വരെയുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും പ്രിയങ്ക ട്വിറ്ററില്‍ വ്യക്തമാക്കി.
തിരഞ്ഞടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ബരാബങ്കിയില്‍നിന്ന് പ്രതിജ്ഞാ യാത്രയ്ക്ക് തുടക്കം കുറിച്ച പ്രിയങ്ക നേരത്തേ ഏഴ് വാഗ്ദ്ധാനങ്ങള്‍ നല്‍കിയിരുന്നു. 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, ക്വിന്റലിന് 2500 രൂപ നല്‍കി ഗോതമ്ബും, 400 രൂപ നിരക്കില്‍ കരിമ്ബും സംഭരിക്കും, എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും എന്നിവയായിരുന്നു അവ. 12-ാം ക്ലാസ് പാസാകുന്ന പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും ബിരുദ തലത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഇ-സ്‌കൂട്ടറും നല്‍കുമെന്ന വാഗ്ദ്ധാനവും പ്രിയങ്ക നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച പ്രിയങ്ക സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയരാഷ്ട്രീയത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്. 403 അംഗ യുപി നിയമസഭയിലേക്ക് അടുത്ത വര്‍ഷം ആദ്യമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ല്‍ 105 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഏഴിടത്ത് മാത്രമാണ് ജയിക്കാനായത്. 312 സീറ്റ് എന്ന മൃഗീയ ഭൂരിപക്ഷത്തിലൂടെയാണ് ബി ജെ പി അധികാരം പിടിച്ചത്. ബിഎസ്പിക്ക് 61 സീറ്റും എസ് പിക്ക് 19 സീറ്റും ലഭിച്ചു.
എന്തുവിലകൊടുത്തും ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതിനുവേണ്ടിയാണ് ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്കാ ഗാന്ധിക്ക് നല്‍കിയത്. കര്‍ഷക സമരം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത് ജനങ്ങള്‍ക്കിടയില്‍ മതിപ്പ് ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെ വോട്ടാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടി. എന്നാല്‍ സംസ്ഥാനത്ത് ബി ജെ പി ഭരണം നിലനിറുത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്താക്കുന്നത്. കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തിയേക്കും എന്നും സര്‍വേകള്‍ പറയുന്നുണ്ട്.
No comments