പ്രിയങ്ക ഗാന്ധിയുടെ ജനപ്രീതി ബിജെപിയെ ഭയപ്പെടുത്തി..!! ഉത്തര്‍പ്രദേശില്‍ യാേഗിക്ക് തുടര്‍ ഭരണം ഉറപ്പിക്കാന്‍ ബിജെപി ഒരുക്കുന്നത് ഇതുവരെ കാണാത്ത തന്ത്രങ്ങള്‍..
ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം പണി പതിനെട്ടും നോക്കുകയാണ്.
പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ ചെറിയ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് യോഗി സര്‍ക്കാരിന് തുടര്‍ച്ച ഉറപ്പിക്കുവാനുള്ള ശക്തമായ തന്ത്രങ്ങളുമായാണ് ബി ജെ പിയുടെ മുന്നേറ്റം.കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാവും ബി ജെ പിയുടെ സംസ്ഥാനത്തെ നീക്കം എന്ന് ഏറക്കുറെ വ്യക്തമായികഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ഉണ്ടെങ്കിലും ബി ജെ പി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചു.
പ്രധാനമന്ത്രിയുടെ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബി ജെ പി ഇന്ന് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.പ്രകടന പത്രികയുടെ കരട് ഇതിനകം രൂപപ്പെടുത്തിയെന്നാണ് അറിയുന്നത്. രണ്ടരമണിക്കൂറോളം നീണ്ട യോഗത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെപി നദ്ദയെ കൂടാതെ ധര്‍മേന്ദ്ര പ്രധാന്‍, ബി എല്‍ സന്തോഷ്, സ്വന്തന്ത്ര ദേവ് സിംഗ്, സുനില്‍ ബന്‍സാല്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും റാലികള്‍, അവരുടെ വേദികള്‍, താല്‍ക്കാലിക സമയക്രമം എന്നിവയെ കുറിച്ചെല്ലാം യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.
യോഗിക്ക് തുടര്‍ ഭരണം ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായി കഴിഞ്ഞദിവസം ആര്‍ എസ് എസ് രംഗത്തെത്തിയിരുന്നു. ഇതിനായി സംസ്ഥാനത്തെ ഇളക്കി മറിക്കുന്ന അമൃത് മഹോത്സവ് സംഘടിപ്പിക്കുവാനാണ് നീക്കം. ദേശസ്‌നേഹം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ആര്‍ എസ് എസ് വ്യക്തമാക്കുന്നതെങ്കിലും, തിരഞ്ഞെടുപ്പിന് മുന്‍പായി അണികളെ സജ്ജരാക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ആര്‍ എസ് എസ് പരിപാടി പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങിലാവും തുടങ്ങുക. തിരംഗ യാത്ര, വന്ദേമാതരം ആലാപനം, സ്വാതന്ത്ര്യ സമര സേനാനികളുടെ അനുസ്മരണം, ആയിരക്കണക്കിന് സെമിനാറുകള്‍ തുടങ്ങിയവയാണ് യുപിയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. സ്‌കൂളുകളിലും കോളേജുകളിലും ഘോഷയാത്രയും നടത്തും.
No comments