പഞ്ചാബിൽ എ.എ.പി എംഎൽഎ കോണ്‍ഗ്രസില്‍ ചേര്‍ന്നു..!! പഞ്ചാബിൽ എഎപിക്ക് വൻ തിരിച്ചടി..
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ബതിന്ദ റൂറല്‍ എം.എല്‍.എ രൂപീന്ദര്‍ കൗര്‍ റൂബി കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ കോണ്‍ഗ്രസ് പ്രവേശം.
യഥാര്‍ത്ഥ ആം ആദ്മി (സാധാരണക്കാരുടെ പാര്‍ട്ടി) കോണ്‍ഗ്രസ് ആണെന്നും അതിനെ നയിക്കുന്നത് ഒരു വനിതയാണെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം റൂബി പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന എ.എ.പിക്ക് റൂബിയുടെ രാജി കനത്ത തിരിച്ചടിയാണ്.
ചൊവ്വാഴ്ച രാത്രിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച് രൂപീന്ദര്‍ കൗര്‍ റൂബി ട്വീറ്റ് ചെയ്തത്. ''ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ദയവായി രാജി സ്വീകരിക്കണം. നന്ദി...''-എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍, പഞ്ചാബ് സംസ്ഥാന അധ്യക്ഷന്‍ ഭഗവന്ദ് മന്ന് എന്നിവരെ അഭിസംബോധന ചെയ്ത് റൂബി ട്വീറ്റ് ചെയ്തു.
ഇത്തവണ മത്സരിക്കാന്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് റൂബി പാര്‍ട്ടിവിട്ടതെന്ന് എ.എ.പി നിയമസഭാ കക്ഷി നേതാവ് ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു. ''രൂപീന്ദര്‍ റൂബി ഞങ്ങളുടെ ഇളയ സഹോദരിയാണ്. എവിടെപ്പോയാലും അവര്‍ സന്തോഷവതിയായിരിക്കട്ടെ. ഇത്തവണ മത്സരിക്കാന്‍ സീറ്റ് കിട്ടില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്''-ചീമ പറഞ്ഞു.
ചീമയുടെ പ്രസ്താവനയോട് രൂക്ഷമായാണ് റൂബി പ്രതികരിച്ചത്. നിങ്ങള്‍ എപ്പോഴും പാര്‍ട്ടി നേതാക്കള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഇനിയെങ്കിലും പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കൂ. പാര്‍ട്ടി ടിക്കറ്റ് നല്‍കിയാല്‍ തനിക്കെതിരെ മത്സരിക്കാനും റൂബി അദ്ദേഹത്തെ വെല്ലുവിളിച്ചു.
No comments