ബിജെപിക്ക് വൻ തിരിച്ചടി നൽകി നാഗാലാന്‍ഡിലും തൃണമൂല്‍ ഓപറേഷൻ..!! 12 മുതിർന്ന ബിജെപി നേതാക്കള്‍ കൊല്‍ക്കത്തയിൽ..
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലയുറപ്പിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഓപറേഷനില്‍ പുതിയ നീക്കം. ത്രിപുരയ്ക്കും മേഘാലയയ്ക്കും അസമിനും ശേഷം നാഗാലാന്‍ഡിലേക്കും തൃണമൂല്‍ ചുവടുറപ്പിക്കുന്നതായാണ് പുതിയ വാര്‍ത്ത.
ഇതിന്റെ ഭാഗമായി മുന്‍ എംഎല്‍എമാര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ തൃണമൂലിലേക്ക് കൂടുമാറുന്നതായി ദ ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
12 ബിജെപി നേതാക്കള്‍ കൊല്‍ക്കത്തയിലെത്തി തൃണമൂല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായാണ് വാര്‍ത്ത. നാഗാലാന്‍ഡ് മുന്‍ ഡെപ്യൂട്ടി സ്പീക്കറാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് വിവരം. ഉപമുഖ്യമന്ത്രി വൈ പട്ടോന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കന്മാരുടെ പ്രവര്‍ത്തനശൈലിയിലും പെരുമാറ്റത്തിലും അസംതൃപ്തരായ സംഘമാണ് കൂടുമാറ്റത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ ഒരു ബിജെപി നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, വാര്‍ത്ത ബിജെപി സംസ്ഥാന നേതാക്കള്‍ തള്ളിക്കളഞ്ഞു. തൃണമൂല്‍ നേതാക്കളെ കാണാനായി നാഗാലാന്‍ഡിലെ ഒരു പാര്‍ട്ടി നേതാവും കൊല്‍ക്കത്തയിലെത്തിയിട്ടില്ലെന്നും മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍നിന്നുള്ളവരാകുമെന്നും ബിജെപി നേതാവ് ലെവി രെംഗ്മ പ്രതികരിച്ചു.
നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(എന്‍ഡിപിപി)യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് ബിജെപി. 60 അംഗ സഭയില്‍ 12 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടുമായി(എന്‍പിഎഫ്) എന്‍ഡിപിപി സഖ്യംചേര്‍ന്നതിനു പിറകെയാണ് ബിജെപിയിലെ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
എന്‍പിഎഫുമായി ഒരുവിഭാഗം ബിജെപി നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ട്. എന്‍ഡിപിപിയെ ഒഴിവാക്കി എന്‍പിഎഫുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഈ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു. എന്നാല്‍, ഈ വിവരം മണത്തറിഞ്ഞ് എന്‍ഡിപിപി നേതാവും നാഗാലാന്‍ഡ് മുഖ്യമന്ത്രിയുമായ നീഫിയു റിയോ എന്‍പിഎഫിനെ സഖ്യത്തിലെടുക്കുകയായിരുന്നു.
കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി 2024ലെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കമുണ്ട്. ബിജെപിക്കെതിരെ കോണ്‍ഗ്രസില്ലാത്തൊരു പ്രതിപക്ഷ മുന്നണിയാണ് തൃണമൂല്‍ ലക്ഷ്യമിടുന്നത്. ഇതിനിടയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി സ്വാധീനമുറപ്പിക്കാനും ശ്രമങ്ങളുണ്ട്.
കഴിഞ്ഞ മാസമാണ് മേഘാലയയില്‍ കോണ്‍ഗ്രസിന്റെ 17 എംഎല്‍എമാരില്‍ 12 പേരും തൃണമൂലിലേക്ക് മറുകണ്ടം ചാടിയത്. അസമില്‍ കോണ്‍ഗ്രസ് മുന്‍ എംപി സുഷ്മിത ദേവ് അടക്കമുള്ള നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. ത്രിപുരയില്‍ ഒരു ബിജെപി എംഎല്‍എയും തൃണമൂലിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
No comments