'ബിഹാര്‍ അവസാനത്തില്‍നിന്ന് നമ്ബര്‍ വണ്‍'..!! ബി.ജെ.പിയുടെ ഇരട്ട എന്‍ജിന്‍ ക്യാമ്പയിനെ പരിഹസിച്ച് തേജസ്വി യാദവ്..
ബി.ജെ.പിയുടെ ഇരട്ട എന്‍ജിന്‍ വികസന കാമ്ബയിനെ പരിഹസിച്ച് രാഷ്ട്രീയ ജനത പാര്‍ട്ടി (ആര്‍.ജെ.ഡി) നേതാവ് തേജസ്വി യാദവ്.
ദരിദ്ര സൂചിക ഉള്‍പ്പെടെ നീതി ആയോഗിന്‍റെ വിവിധ റിപ്പോര്‍ട്ടുകളില്‍ ബിഹാര്‍ ഏറ്റവും പിന്നിലുള്ളത് ചൂണ്ടിക്കാട്ടിയാണ് നിതീഷ് സര്‍ക്കാറിനെയും ബി.ജെ.പിയെയും അദ്ദേഹം പരിഹസിച്ചത്.
അവസാനത്തില്‍നിന്ന് ബിഹാര്‍ നമ്ബര്‍ വണ്‍ ആണ്. നീതി ആയോഗ് റിപ്പോര്‍ട്ട് ഇതാണ് പറയുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും സംഭവങ്ങള്‍ക്കും നിതീഷ് കുമാറിന്‍റെ അടിസ്ഥാനപരമായ മറുപടി ലളിതമാണ്. ഞങ്ങള്‍ക്കറിയില്ല, നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് ഞങ്ങള്‍ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. നിലവിലെ സാഹചര്യങ്ങളുടെ എ.ബി.സി.ഡി അദ്ദേഹത്തിനറിയില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.
ബിഹാറിലെ 11 കോടി ജനസംഖ്യയില്‍ 52 ശതമാനവും ദരിദ്രരാണെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പോഷകാഹാര സൂചികയില്‍ 51.88 ശതമാനം ജനങ്ങളും ന്യൂനപോഷണമുള്ളവരാണ്. രണ്ടു സൂചികകളിലും ബിഹാര്‍ ഏറ്റവും പിന്നിലാണ്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെയാണ് തങ്ങള്‍ പിന്തുണക്കുന്നത്. ബിഹാറിലെ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്‍റേതായിരുന്നു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കും. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം ഒരു വെല്ലുവിളിയേ അല്ല. തങ്ങള്‍ക്ക് യു.പിയില്‍ കാര്യമായ സ്വാധീനമില്ല. എ.ഐ.എം.ഐ.എമ്മിന്‍റെ കാര്യവും സമാനമാണ്. ബി.ജെ.പിയും എസ്.പിയുമാണ് അവിടെ നേരിട്ട് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
No comments