Breaking News

'പണ്ട് എന്തായിരുന്നു! കിളികള്‍ക്ക് തീറ്റ, പശുവിന് പുല്ല്... ഇപ്പോള്‍ വാ തുറക്കുന്നില്ല'..!! മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശൻ..

 


തെരഞ്ഞെടുപ്പിന് മുമ്ബ് നിസ്സാര കാര്യത്തില്‍ പോലും നിര്‍ദേശം നല്‍കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമ്ബൂര്‍ണ മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

വിഷയത്തില്‍ കേരളം സമ്ബൂര്‍ണ അജ്ഞതയിലാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ചെറുതോണിയില്‍ ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'പണ്ടാണെങ്കില്‍ എന്തായിരുന്നു വര്‍ത്തമാനം. വൈകുന്നേരം ആറു മണി യോഗത്തില്‍ പറന്നു പോകുന്ന കിളികളെ വിളിച്ചു വരുത്തി തീറ്റ കൊടുക്കണം, വഴിയില്‍ അലയുന്ന നായകള്‍ക്ക് നിങ്ങള്‍ ഭക്ഷണം കൊടുക്കണം. വഴിയിലെ പുല്ലു പറിക്കണം. പശുവിന് പുല്ലു കൊടുക്കാന്‍ മറക്കരുത്. എന്തെല്ലാം ഉപദേശങ്ങള്‍ നമുക്ക് നല്‍കിയിരുന്ന മുഖ്യമന്ത്രിയാണ് തെരഞ്ഞെടുപ്പിന് മുമ്ബ്. ആ മുഖ്യമന്ത്രിയിപ്പോള്‍ നാലഞ്ചു ജില്ലകളിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വാ തുറക്കുന്നില്ല.' - സതീശന്‍ പറഞ്ഞു.

'പത്തു വര്‍ഷം മുമ്ബ് ഈ ഡാം ഡികമ്മിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത നിങ്ങളോടാണ് മിസ്റ്റര്‍ മുഖ്യമന്ത്രീ ഞങ്ങള്‍ ചോദിക്കുന്നത്. ഈ ഡാം ശക്തിപ്പെട്ടോ, ഈ ഡാം സുരക്ഷിതമാണോ, ഈ ഡാം തകര്‍ന്നാല്‍ അഞ്ചു ജില്ലകളിലുള്ള 40 ലക്ഷം പേര്‍ അറബിക്കടലില്‍ ഒഴുകി നടക്കുമെന്നാണ് അച്യുതാന്ദന്‍ പ്രസംഗിച്ചത്. ആ മനുഷ്യച്ചങ്ങലയുടെ ഒരറ്റത്ത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടായിരുന്നു' - അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ഡാം നിര്‍മ്മിക്കുകയാണ് പ്രശ്‌നത്തിന് പരിഹാരം. മുല്ലപ്പെരിയാറിനെ കുറിച്ച്‌ അടിസ്ഥാന വിവരങ്ങള്‍ പോലും കേരളത്തിന്‍റെ കയ്യിലില്ല. വിവാദങ്ങളെക്കുറിച്ച്‌ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസിന്‍റെ ഉപവാസം. രാവിലെ 10ന് ആരംഭിച്ച ഉപവാസം നാളെ പത്ത് മണിക്ക് അവസാനിപ്പിക്കും.

No comments