മമതാ ബാനര്‍ജിക്ക് സ്വാഗതം.. കോണ്‍ഗ്രസിന് പരിഹാസം.. പുതിയ സഖ്യത്തിന്..
ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും ബെംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നയിക്കുന്ന ബദല്‍ രാഷ്ട്രീയ മുന്നണിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്.
2022 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അഖിലേഷ്. പശ്ചിമ ബംഗാളില്‍ മമത ചെയ്തതിന് സമാനമായി യുപിയില്‍ നിലവിലെ ഭരണകക്ഷിയായ ബിജെപിയെ തുടച്ചുനീക്കുമെന്നാണ് അഖിലേഷ് പറയുന്നത്.
ഞാന്‍ അവരെ സ്വാഗതം ചെയ്യുന്നു. ബംഗാളില്‍ ബിജെപിയെ തുടച്ചുനീക്കിയതുപോലെ... ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിയെ തുടച്ചുനീക്കും. - അഖിലേഷ് ഝാന്‍സിയില്‍ പറഞ്ഞു. ശരിയായ സമയത്ത് ഞങ്ങള്‍ സംസാരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അഖിലേഷ് പറഞ്ഞു.
ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിയെന്നും അവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടില്ലെന്നും പ്രിയങ്ക ഗാന്ധിക്കുള്ള മറുപടിയായി അഖിലേഷ് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച യുപിയിലെ മൊറാദാബാദില്‍ നടന്ന റാലിയില്‍, അഖിലേഷിനെ പ്രിയങ്ക ചോദ്യം ചെയ്തിരുന്നു. ലഖിംപൂരില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെ കാറ് ഇടിച്ച് നാല് കര്‍ഷകര്‍ മരിച്ചതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളില്‍ അഖിലേഷിനെ കണ്ടില്ലെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.
2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - എസ്പി സഖ്യം ഒരുമിച്ചാണ് ബിജെപിയെ നേരിട്ടത്. എന്നാല്‍ ഇത് നല്ല അനുഭവമായിരുന്നില്ലെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. യുപി കോണ്‍ഗ്രസിനെ തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
ഝാന്‍സിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ് വേയുടെ പേരില്‍ യാദവ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. തന്റെ പാര്‍ട്ടി ആരംഭിച്ച പദ്ധതികളുടെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. "സമാജ്‌വാദി പാര്‍ട്ടിക്ക് 22 മാസത്തിനുള്ളില്‍ എക്‌സ്‌പ്രസ് വേ നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍, അതേ ജോലി ചെയ്യാന്‍ ബിജെപി 4.5 വര്‍ഷം എടുത്തതെന്തിന്? യുപിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന് കാരണം," അദ്ദേഹം പറഞ്ഞു.
യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയിലെ പ്രാദേശിക പാര്‍ട്ടികളുടെയും പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷകരുടെ വോട്ടുകളെയും ആശ്രയിച്ച് അഖിലേഷ് യാദവ് ഒരു "മഴവില്ല്" സഖ്യം ഉണ്ടാക്കുകയാണ്. ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും തൃണമൂലും സൗഹൃദപരമായ അഭിപ്രായങ്ങള്‍ പങ്കുവച്ചുവെന്നും തൃണമൂലിന് വേണ്ടി തന്റെ പാര്‍ട്ടി പ്രചാരണം നടത്തുമെന്ന് യാദവ് പറഞ്ഞു.
No comments