Breaking News

പാര്‍ട്ടി കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ല..!! ശശി തരൂരിനെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി..

 


കെ-റെയില്‍ വിഷയത്തില്‍ യു.ഡി.എഫ് നിലപാടിന് വിരുദ്ധമായ നിലപാട് കൈക്കൊണ്ട ശശി തരൂര്‍ എം.പിയെ നിയന്ത്രിക്കണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

അതേസമയം, തരൂരിനെ കുറ്റപ്പെടുത്താത്ത നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വീകരിച്ചത്.

തരൂരിനെ നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശശി തരൂരിനെ നിയന്ത്രിക്കേണ്ടത് അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം ആണ്. ഇക്ക‌ാര്യത്തില്‍ നേതൃത്വം ഇടപെടണം. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാപ്പകല്‍ കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചത്. തരൂര്‍ പാര്‍ട്ടിയെ മറന്നുകൊണ്ട് അഭിപ്രായം പറയാന്‍ പാടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍, ശശി തരൂര്‍ യു.ഡി.എഫ് നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച്‌ യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് തരൂര്‍ തനിക്ക് മറുപടി നല്‍കിയിട്ടുണ്ട്. നിലപാട് തരൂര്‍ പരസ്യമായി പറയുമെന്നും സതീശന്‍ പറഞ്ഞു.

കെ-റെയിലിലും സി.പി.എം വര്‍ഗീയത നിറയ്ക്കുകയാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. കോടതിയെ പരിഹസിക്കുകയാണ് സര്‍ക്കാരെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സി.പി.ഐക്കും പദ്ധതിയില്‍ എതിര്‍പ്പുണ്ട്, അവര്‍ വര്‍ഗീയ സംഘടനയാണോ. വിഷയം മുഖ്യമന്ത്രിക്ക് ചുറ്റും കൂടിയവരും കമ്ബനികളും ചര്‍ച്ച ചെയ്താല്‍ പോരാ, ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ കെ-റെയിലുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തരൂരിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ തരൂരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്​. പാര്‍ട്ടി എം.പിമാരെല്ലാം പാര്‍ട്ടിക്ക്​ വഴിപ്പെടണം. പാര്‍ട്ടിക്ക്​ വിധേയപ്പെട്ടി​ല്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

അതിനിടെ, സംസ്ഥാന സര്‍ക്കാറിനെ പുകഴ്ത്തി ശശി തരൂര്‍ ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. നിതി ആയോഗിന്‍റെ ദേശീയ ആരോഗ്യ സൂചികയില്‍ ഒന്നാമതുള്ള കേരളത്തെ പുകഴ്ത്തിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചുമായിരുന്നു ട്വീറ്റ്. കേരളം ആരോഗ്യമേഖലയില്‍ യു.പിയെ കണ്ട് പഠിക്കണമെന്ന ആദിത്യനാഥിന്‍റെ പഴയ പ്രസ്താവനയുടെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ട്വീറ്റ്.

'ആരോഗ്യരംഗം മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള രാഷ്ട്രീയവും യോഗി കേരളത്തില്‍ നിന്ന് പഠിക്കുകയാണെങ്കില്‍ രാജ്യത്തിന് ഉപകാരപ്പെടും. എന്നാല്‍, രാജ്യത്തെ അവരുടെ നിലവാരത്തിലേക്ക് വലിച്ചു താഴ്ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്' -യോഗിയെ ടാഗ് ചെയ്തുകൊണ്ട് തരൂര്‍ ട്വീറ്റ് ചെയ്തു.

No comments