ജോസഫ് വിഭാഗം, ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ലയിച്ച് ഇടത് മുന്നണിയിലേക്കോ..??
സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്പരം പോര്‍ക്കളമൊരുക്കി കേരളാ കോണ്‍ഗ്രസുകള്‍ രംഗത്ത്.
ജോസഫ് വിഭാഗം ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ലയിച്ച് ഇടത് മുന്നണിയില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ലയനവുമായി ബന്ധപ്പെട്ട ചര്‍ചകള്‍ നടന്നത് കോതമംഗലത്തെ ഒരു റിസോര്‍ട് കേന്ദ്രീകരിച്ചാണെന്നും ഇതിന് ചുക്കാന്‍ പിടിച്ചത് ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫാണെന്ന തരത്തിലായിരുന്നു വാട്സപ് സന്ദേശങ്ങള്‍ പ്രചരിച്ചത്.
ഇതിന് മറുപടിയുമായി മറുവിഭാഗവും അരയും തലയും മുറുക്കി രംഗത്ത് വരികയായിരുന്നു. ജോസ് വിഭാഗം പുകയുന്ന അഗ്നി പര്‍വതമാണെന്നും മുപ്പതിനായിരം അംഗങ്ങളെ പാര്‍ടിയില്‍ ചേര്‍ത്തെന്ന് വീരസ്യം മുഴക്കുന്ന ജോസ് കെ മാണി എന്തുകൊണ്ടാണ് പാലായില്‍ പരാജയപ്പെട്ടതെന്നും റോം നഷ്ടപ്പെട്ട മാര്‍പാപ്പയാണ് ജോസ് കെ മാണിയെന്നുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ പ്രചാരണം.
അതേ സമയം ജോസ് കെ മാണിയുമായി യോജിക്കാവുന്ന മേഖലകളില്‍ സഹകരിക്കുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയും വന്നിരുന്നു. പിന്നാലെ ഇതേ ചൊല്ലി ജോസഫ് വിഭാഗത്തില്‍ കലഹവും രൂക്ഷമാകുന്നുവെന്നാണ് വിവരം. തങ്ങളെ നിരന്തരം അപമാനിക്കുന്ന ജോസ് വിഭാഗവുമായി സഹകരിക്കുമെന്ന നിലപാടിനെതിരെ മുതിര്‍ന്ന നേതാക്കളും ചില ജില്ലാ കമിറ്റികളും രംഗത്ത് വന്നിരുന്നു.
No comments