നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബില്‍ മറ്റൊരു തിരഞ്ഞെടുപ്പ്..!! മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ആം ആദ്മി പാര്‍ട്ടിയുടെ വേറിട്ട നമ്പർ..
പഞ്ചാബില്‍ അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങള്‍ക്ക് വിട്ടുനല്‍കി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍.
സംസ്ഥാനത്തെ പ്രമുഖ നേതാവ് ഭഗ്‌വന്ത് മന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കാന്‍ പഞ്ചാബിലെ ജനങ്ങളോട് തന്നെ ആവശ്യപ്പെടുകയായിരുന്നു കേജ്രിവാള്‍.
70748 70748 എന്ന നമ്ബറില്‍ വിളിച്ചോ മെസേജ് അയച്ചോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് ജനങ്ങള്‍ക്ക് നിദ്ദേശിക്കാം. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന വ്യക്തിയെ ആം ആദമി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും. ജനുവരി 17 വൈകുന്നേരം അഞ്ച് മണി വരെ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
അതേസമയം ഭഗ്‌വന്ത് മന്‍ തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തെ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്നും കേജ്രിവാള്‍ പറഞ്ഞു. എന്നാല്‍ തന്റെ നിര്‍ദ്ദേശം നിരസിച്ച ഭഗ്‌വന്ത് മന്നിന്റെ അഭിപ്രായമനുസരിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ വേണ്ടിയൊരു തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് കേജ്രിവാള്‍ വ്യക്തമാക്കി.
No comments