Breaking News

കലങ്ങി മറിഞ്ഞ് ഗോവയിലെ തെരഞ്ഞെടുപ്പ്..!! എന്തും സംഭവിക്കും..!! 40 സീറ്റിൽ..

 


40 നിയമസഭാ മണ്ഡലങ്ങളെ ഗോവയില്‍ ഉള്ളൂ. എന്നാല്‍ ഇവിടെ മത്സരിക്കാത്ത പാര്‍ട്ടികളില്ല. തൃണമൂല്‍ കോണ്‍ഗ്രസ് കൂടി എത്തിയതോടെ ചിത്രം മാറി.

എന്തും സംഭവിക്കാമെന്ന നിലയിലെത്തി. ഗോവ തെരഞ്ഞെടുപ്പിനെ ഒറ്റയടിക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. വോട്ടുകള്‍ ചിതറുമോ എന്ന ആശങ്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ട്, അവരത് പരസ്യമായി അംഗീകരിച്ചില്ലെങ്കില്‍ പോലും. ഇതിന്റെ ആശ്വാസം ഭരണകക്ഷിയായ ബി.ജെ.പിക്കും. ഗോവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുവെ പറയാറ്, രാഷ്ട്രീയ പാര്‍ട്ടികളെക്കാളും ഇവിടെ വ്യക്തികള്‍ക്കാണ് പ്രാധാന്യം എന്നാണ്. വസ്ത്രം മാറുന്നത് പോലെയാണ് ഇവിടുത്തെ നേതാക്കള്‍ രാഷ്ട്രീയം മാറുക. ഇന്ന് കോണ്‍ഗ്രസ്, നാളെ ബി.ജെ.പി മറിച്ചും സംഭവിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ പാര്‍ട്ടിയുണ്ടാക്കിയതും സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് തന്നെയും മറ്റു പാര്‍ട്ടികളില്‍ നിന്നും ചാക്കിട്ടാണ്. പാര്‍ട്ടി മാറരുതെന്ന് സ്ഥാനാര്‍ഥികളെകൊണ്ട് സത്യം ചെയ്യിപ്പിച്ച വിചിത്രമായ ആചാരവും അരങ്ങേറിയിട്ടുണ്ട്.

ഗോവയിലെ തലയെടുപ്പുള്ളവരാണ് കോണ്‍ഗ്രസിന്റെ ദിഗംബര്‍ കാമത്തും ബി.ജെ.പിയുടെ പ്രമോദ് സാവന്തും. മഡ്ഗാവ് മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരിക്കാനാവാത്തതിന്റെ എല്ലാ നീറ്റലും കാമത്തിനും പാര്‍ട്ടിക്കുമുണ്ട്. സ്ഥാനാര്‍ഥികളെ സത്യം ചെയ്യിപ്പിച്ചും മറ്റുമാണ് കാമത്ത് ഇക്കുറി കരുക്കള്‍ നീക്കുന്നത്.


എങ്ങനെയും ഭരണം നിലനിര്‍ത്താനുള്ള ജീവന്മരണ പോരാട്ടത്തിലാണ് ബി.ജെ.പി. അതിന്റെ അമരത്താണ് നിലവിലെ മുഖ്യമന്ത്രി കൂടിയായ പ്രമോദ് സാവന്ത്. സാക്ലി മണ്ഡലത്തില്‍ നിന്നാണ് സാവന്ത് ജനവിധി തേടുന്നത്. 2012ലും 2017ലും നിയമസഭയിലെത്തിയിട്ടുണ്ട് സാവന്ത്. മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെയാണ് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. മൂന്നാം ജയവും ഭരണത്തുടര്‍ച്ചയും- അതാണ് സാവന്തിന്റെ ലക്ഷ്യം. അത് ഇനി മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളെ എത്തിച്ചായാലും ശരി, സ്വതന്ത്രരെ ചാക്കിലാക്കിയായാലും ശരി.

No comments