ഉമ്മന്‍ചാണ്ടി വാവ സുരേഷിന് സര്‍ക്കാര്‍ ജോലിനല്‍കാന്‍ തീരുമാനിച്ചിരുന്നു.. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ആകേണ്ടയാളായിരുന്നു സുരേഷ് എന്ന് ഗണേശ് കുമാര്‍..
വാവ സുരേഷിനെതിരെ ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ആരോപണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ വനംവകുപ്പ് മന്ത്രി ഗണേശ് കുമാര്‍.
സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാന്‍ ശ്രമിക്കുന്നത് നാണംകെട്ട പണിയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. വാവ സുരേഷിനെതിരെ ആരോപണവുമായി എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ താന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വാവ സുരേഷിനെപ്പറ്റി അധിക്ഷേപം പറയാന്‍ ഒരു ഉദ്യോഗസ്ഥന്മാര്‍ക്കും യോഗ്യതയില്ല. സര്‍ക്കാരില്‍ അവരോടൊപ്പം കിട്ടാവുന്ന ഒരു ജോലി മന്ത്രിയും മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തപ്പോള്‍ അത് വേണ്ടെന്നുവച്ചയാളാണ് വാവ സുരേഷ്. പണക്കാരനാകാന്‍ വനം വകുപ്പില്‍ ഉദ്യോഗസ്ഥനായി കയറില്‍ മതി. മാസം നല്ല ശമ്ബളം കിട്ടും. അത് വേണ്ടെന്നുവച്ച ഇദ്ദേഹത്തെക്കുറിച്ച് ദൈവത്തിനു നിരക്കാത്ത അനാവശ്യങ്ങള്‍ പറയരുത്. പറയുന്നവര്‍ ലജ്ജിക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു സര്‍ക്കാര്‍ ജോലി നിങ്ങളുടെ മുന്നില്‍വച്ച് നീട്ടിയാല്‍ അത് വേണ്ടെന്നു വയ്ക്കാന്‍ നിങ്ങള്‍ക്കാകുമോ? അതില്ലാത്തവര്‍ ഇത് പറയരുത്. എനിക്ക് പാമ്ബിനെ ഭയമാണ്, അതിനെ പിടിക്കാനും അറിയില്ല. അങ്ങനെയൊരു സാഹചര്യം വരുമ്ബോള്‍ നമ്മള്‍ വിളിക്കുന്നതും വാവ സുരേഷിനെയാണ്.
പാമ്ബ് പിടുത്തത്തിന്റെ പരിഷ്കാരങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പഠിപ്പിച്ചുകൊടുത്തത് ഈ ചെറുപ്പക്കാരനാണ്. പലപ്പോഴും വനംവകുപ്പില്‍ തന്നെ ക്ലാസ്സെടുക്കാന്‍ വാവ സുരേഷിനെ വിളിച്ചിട്ടുണ്ട്. അവിടെയുള്ളവര്‍ക്ക് ഏത് പാമ്ബാണെന്ന് തിരിച്ചറിയാനുള്ള അറിവും ധാരണയും ഉണ്ടാക്കി കൊടുത്തത് വാവ സുരേഷ് ആണ്.
ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ തൃശൂരും കോഴിക്കോടുമൊക്കെ പാമ്ബ് പിടുത്തക്കാര്‍ ഉണ്ടായിരുന്നു. ആ സമയത്ത് പാമ്ബ് പിടിക്കുന്നതിന് അവര്‍ വനം വകുപ്പിനോട് പണം ആവശ്യപ്പെടുമായിരുന്നു. വാവ സുരേഷ് മാത്രമാണ് ഒരു പൈസ പോലും ചോദിക്കാതിരുന്നത്. ഇപ്പോള്‍ എന്തെങ്കിലും അലവന്‍സ് വനംവകുപ്പ് കൊടുക്കുന്നുണ്ടോ എന്നറിയില്ല. ഞാനിരുന്ന സമയത്ത് അദ്ദേഹം ചോദിച്ചിട്ടില്ല.
പണത്തിനു വേണ്ടി നില്‍ക്കുന്ന ആളല്ല വാവ സുരേഷ്. അയാളൊരു സാധുവാണ്. സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാന്‍ ശ്രമിക്കരുത്. നാണംകെട്ട പണിയാണ്. വാവ പറഞ്ഞ ഈ ഉദ്യോഗസ്ഥനെ ഞാന്‍ വിളിച്ചിരുന്നു, ഇനി ശല്യം ചെയ്യരുതെന്ന് പറഞ്ഞു. ഈ പറയുന്ന ഉദ്യോഗസ്ഥന്റെ പേര് വാവ സുരേഷ് വെളിപ്പെടുത്തിയാല്‍ അയാളൊരു പാമ്ബിനെ പിടിച്ച് കാണിക്കാമോ? കമ്ബോ കോലോ അമേരിക്കന്‍ ഉപകരണങ്ങളോ എന്തെങ്കിലും ഉപയോഗിച്ച് കാണിച്ചാല്‍ മതി. തനിക്കു കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ അധിക്ഷേപിക്കുകയല്ല വേണ്ടത്. അവരെ ബഹുമാനിക്കണം.
വാവ സുരേഷിനെക്കുറിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കരുത്. പാമ്ബിനെ പിടിക്കുന്നത് എങ്ങനെയെന്ന് വാവയെ ആരും പഠിപ്പിക്കേണ്ട. ഈ വിഷപ്പാമ്ബുകളെ നാട്ടില്‍ നിന്നൊക്കെ പിടിച്ച് ഉള്‍വനത്തില്‍ വിടുന്നത് മഹാകാര്യം തന്നെയാണ്. വാവ സുരേഷിനെ ഉദ്യോഗസ്ഥന്‍ ഉപദ്രവിച്ചത് കുശുമ്ബ് കൊണ്ട് തന്നെയാണ്. ഞാന്‍ അയാളെ വിളിച്ച് കാര്യം തിരക്കി. പത്തനാപുരത്ത് എന്റെ അടുത്ത് വന്ന് വാവ സുരേഷ് ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിരുന്നു.
സാധുക്കളായ പാവങ്ങളുടെ മേല്‍ കുതിര കയറരുത്. എല്ലാവരും വാവ സുരേഷിനു വേണ്ടി പ്രാര്‍ഥിക്കണം. അതുകൊണ്ടാണ് രണ്ടാം ജന്മമെടുത്ത് തിരിച്ചുവന്നത്. അങ്ങനെയൊരാളെക്കുറിച്ച് ഇങ്ങനെ പറഞ്ഞതുകൊണ്ടാണ് മുന്‍വനംവകുപ്പ് മന്ത്രി കൂടിയായ ഞാന്‍ തന്നെ നേരിട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
No comments