Breaking News

റിപബ്ളിക് ദിനത്തില്‍ മണിപ്പൂരിപ്പട്ട് അണിഞ്ഞ് മോദി വന്നപ്പോഴേ ചിലര്‍ക്ക് സംശയമുണ്ടായിരുന്നു.. ഇപ്പോഴിതാ തെളിയുകയും ചെയ്‌തു.. സർവ്വേയിൽ ആശങ്ക..

 


ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരത്തിലെത്താന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ്സിന് അധികാരത്തില്‍ തിരിച്ചെത്താന്‍ ഏക സാദ്ധ്യത ബി.ജെ.പിയുടെ സഖ്യ കക്ഷികള്‍ തനിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നത് മാത്രമാണ്.

തൊഴിലില്ലായ്മ മുതല്‍ അഫ്സ്പ വരെ ചര്‍ച്ച ചെയ്യുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ വിമതരും കോണ്‍ഗ്രസ്സിന് കരുത്ത് പകര്‍ന്നേക്കും.

എന്നാല്‍, അഭിപ്രായ സര്‍വ്വേകളിലെല്ലാം ബി.ജെ.പിക്ക് തനിച്ച്‌ ഭൂരിപക്ഷമെന്ന പ്രഖ്യാപനത്തിലൂടെ നേതൃത്വത്തിനുണ്ടായ ആത്മവിശ്വാസം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വന്ന ശേഷമുണ്ടായ സംഭവങ്ങളോടെ അല്പം കുറഞ്ഞിട്ടുണ്ട്.

ഇബോബി സിംഗിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മണിപ്പൂര്‍ ഭരിച്ച കോണ്‍ഗ്രസ് 2017ല്‍ നടന്ന തിരഞ്ഞെടുപ്പിലും 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍, 21 സീറ്റ് നേടിയ ബി.ജെ.പി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെ ഭരണം പിടിച്ചെടുത്തു. പിന്നീട് പാര്‍ട്ടിയുടെ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റടക്കം ബി.ജെ.പിയിലേക്ക് കുടിയേറിയതോടെ കോണ്‍ഗ്രസ്സ് ശരിക്കും മെലിഞ്ഞു.

പുതിയ മുഖങ്ങളെ അവതരിപ്പിക്കാന്‍ കഴിയാത്ത പാര്‍ട്ടി ഒക്രം ഇബോബി സിംഗിനെ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്നത്. ഇ ഡിയുടെ അഴിമതിക്കേസിനെ നേരിടുന്ന ഇബോബി സിംഗിന്റെ പ്രതിച്ഛായയും മോശമാണ്. സി.പി.ഐ, സി.പി.എം, ആര്‍.എസ്.പി, ജെ.ഡി.എസ്, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് കോണ്‍ഗ്രസ്സ് ഇത്തവണ മത്സരിക്കുന്നത്.

കഴിഞ്ഞ തവണ അധികാരം പിടിക്കാന്‍ സഹായിച്ച നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളെ ഒഴിവാക്കി 60 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരിക്കുകയാണ് ബി.ജെ.പി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ചേര്‍ന്ന 16 കോണ്‍ഗ്രസ്സ് നേതാക്കളില്‍ 10 പേര്‍ക്ക് ബി.ജെ.പി ഇത്തവണ സീറ്റ് നല്‍കി. ഇത് പാര്‍ട്ടിയിലെ പഴയ കാല നേതാക്കളില്‍ പലരെയും പ്രകോപിപ്പിച്ചു. ഒരു പക്ഷേ, ബി.ജെ.പിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയില്‍ പാര്‍ട്ടി ഓഫീസുകള്‍ തല്ലിത്തകര്‍ക്കുകയും നേതാക്കളുടെ കോലം കത്തിക്കുകയും ചെയ്ത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

അക്രമം ഭയന്ന് പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തേണ്ട ഗതികേടിലായി പാര്‍ട്ടി. ഈ പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഇത്തവണ 42 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയാണ്. 2017 ല്‍ 9 സീറ്റില്‍ മത്സരിച്ച്‌ 4 സീറ്റുകള്‍ നേടിയ എന്‍.പി.പിയുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരം പിടിച്ചത്.

പാര്‍ട്ടി നിറുത്തിയ 42 സ്ഥാനാര്‍ത്ഥികളില്‍ 19 പേര്‍ ബി.ജെ.പി വിട്ട് വന്നവരാണ് എന്നത് ബി.ജെ.പിയിലെ അസംതൃപ്തരുടെ ശക്തി സൂചിപ്പിക്കുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം എന്‍.പി.പിയും എന്‍.പി.എഫും ആരെ പിന്തുണയ്ക്കുമെന്നതും പുതിയ സര്‍ക്കാരിനെ തീരുമാനിക്കുന്ന ഘടകമാണ്. ഈ പ്രതിസന്ധികള്‍ക്കിടയിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആത്മവിശ്വാസമാണ് മണിപ്പൂര്‍ ബി.ജെ.പി നേതൃത്വം പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ മാസം മണിപ്പുരിലെത്തിയ പ്രധാനമന്ത്രി താന്‍ കേന്ദ്ര സര്‍ക്കാരിനെ മണിപ്പൂരിന്റെ പടിവാതില്‍ക്കലെത്തിച്ചതായി പ്രഖ്യാപനം നടത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ മോദിയണിഞ്ഞ മണിപ്പൂരി പട്ടും പാര്‍ട്ടി അവിടെ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്.

No comments