കെജ്രിവാള്‍ നുണയൻ.. ബ്രിട്ടീഷുകാരെ പോലെ പഞ്ചാബിനെ കൊള്ളയടിക്കും.. വിമര്‍ശനവുമായി ചരണ്‍ജിത് സിംഗ് ചന്നി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കോണ്‍ഗ്രസിന്‍റെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും നിലവിലെ മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിംഗ് ചന്നി.
ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചത് പോലെ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും പ്രവര്‍ത്തകരും പഞ്ചാബ് കൊള്ളയടിക്കാനാണ് വന്നതെന്ന് ചന്നി ആരോപിച്ചു. കൂടാതെ കെജ്‌രിവാള്‍ തനിക്കെതിരെ നിരവധി തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതായും ചന്നി പറഞ്ഞു. അനധികൃത ഖനന കേസില്‍ചന്നിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിനെതിരെ വിമര്‍ശനങ്ങളുമായി അദ്ദേഹം രംഗത്ത് വന്നത്.
അരവിന്ദ് കെജ്‌രിവാള്‍ നുണയനാണെന്നും തനിക്കെതിരെ നിരവധി ആരോപണങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കി അദ്ദേഹം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയെന്നും ചരണ്‍ജിത് സിംഗ് ചന്നി വാര്‍ത്താഎജന്‍സിയായ എ.എന്‍.ഐ യോട് പറഞ്ഞു. എന്നാല്‍ ആത്യന്തികമായി സത്യം മാത്രമേ വിജയിക്കൂവെന്ന് അന്വേഷണത്തില്‍ നിന്ന് തെളിഞ്ഞതായും ചന്നി പറഞ്ഞു.
കേസില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട എ.എ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് എം.പിയായ രണ്‍വീത് സിംഗ് ബിട്ടുവും നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ചന്നിക്കെതിരെ ചുമത്തിയ അനധികൃത ഖനനക്കേസ് ബി.ജെ.പിയുടെ രാഷ്ട്രീയ ഒത്താശയോട് കൂടിയാണ് നടന്നതെന്നാണ് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നത്.
No comments