Breaking News

ആപ്പിൻ്റെ ലക്ഷ്യം കോൺഗ്രസ് സർക്കാരുകളെ താഴെ ഇറക്കലോ..?? പഞ്ചാബിന് ശേഷം 2023ല്‍ രാജസ്ഥാന്‍ പിടിക്കാനൊരുങ്ങി കെജ്‌രിവാള്‍..!!

 


പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പുറത്താക്കിയ പാര്‍ട്ടിയുടെ മിന്നും വിജയത്തിന് ശേഷം രാജസ്ഥാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി.

രാജസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ജയ്പൂരില്‍ ദ്വിദിന സമ്മേളനം സംഘടിപ്പിക്കും.

മാര്‍ച്ച്‌ 26നും 27നും നടക്കുന്ന പരിപാടിയില്‍ പാര്‍ട്ടിയുടെ ക്ഷേമ നയങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുമെന്ന് എ.എ.പി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് അറിയിച്ചു.

ദ്വാരകയില്‍ നിന്നുള്ള എ.എ.പിയുടെ നിയമസഭാംഗവും മുന്‍ എം.പി മഹാബല്‍ മിശ്രയുടെ മകനുമായ വിനയ് മിശ്രക്ക് രാജസ്ഥാന്റെ ചുമതല നല്‍കാനാണ് സാധ്യത.

രാജസ്ഥാനില്‍ നടക്കുന്ന രണ്ടു ദിവസത്തെ പരിപാടിയില്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി എ.എ.പിയുടെ എല്ലാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സംസ്ഥാനത്തെ പാര്‍ട്ടി ചുമതലയുള്ള ഖേംചന്ദ് ജാഗിര്‍ദാര്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷനെ ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിമാചല്‍ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിനു വേണ്ട ഒരുക്കം പാര്‍ട്ടി നേരത്തെ തുടങ്ങി കഴിഞ്ഞു. പഞ്ചാബിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി അംഗത്വ കാമ്ബയിനുകള്‍ സംഘടിപ്പിക്കുമെന്ന് എ.എ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

No comments