മുകുള്‍ വാസ്നികിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ..
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്നികിനെ പരിഗണിക്കണമെന്ന് ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചന.
നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് മുകുള്‍ വാസ്നിക്. കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്‍.എസ്.യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജി 23 നേതാക്കളുടെ പ്രതിഷേധം കനത്തതോടെ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറി റണ്‍ദീപ് സുര്‍ജേവാലയും പിന്നാലെയെത്തി.
ഇത് രണ്ടാം തവണയാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചത്. കോണ്‍ഗ്രസില്‍ ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും മറ്റു നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലിനെ ജി 23 നേതാക്കള്‍ ഉന്നം വക്കുന്നുണ്ട്. ജി 23 നേതാക്കളില്‍ നിന്നും വര്‍ക്കിങ് പ്രസിഡന്‍റിനെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നുണ്ട്. അതേസമയം, കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിലും കോഴിക്കോടും വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
No comments