Breaking News

ഇംഗ്ളീഷും ഹിന്ദിയുമൊക്കെ നന്നായി പറയാന്‍ അറിയാവുന്നയാളാണ്.. റഹിമിനേക്കാള്‍ അദ്ദേഹം എന്തുകൊണ്ടും നല്ലതാണ് ശ്രീനിവാസന്‍ കൃഷ്‌ണൻ..

 


സിപിഎമ്മിന്റെ എഎറഹിമിനേക്കാള്‍ രാജ്യസഭയില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പോകുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നോമിനിയായ ശ്രീനിവാസന്‍ കൃഷ്‌ണന്‍ ആയിരിക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കര്‍. ശ്രീനിവാസനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും ഇംഗ്ളീഷും ഹിന്ദിയുമൊക്കെ നന്നായി പറയാന്‍ അറിയാവുന്നയാളാണ് അദ്ദേഹമെന്നും ജയശങ്കര്‍ പറഞ്ഞു.

അഡ്വ. ജയശങ്കറിന്റെ വാക്കുകള്‍-

'ശ്രീനിവാസനെ എനിക്ക് വളരെ കൃത്യമായി അറിയാം. വളരെ കാലമായി എനിക്ക് പരിചയമുള്ളതാണ്. ഏതുനിലയ‌്ക്കും രാജ്യസഭയില്‍ പോയാല്‍ അദ്ദേഹം ശോഭിക്കും. ഇംഗ്ളീഷും ഹിന്ദിയുമൊക്കെ നന്നായി പറയാന്‍ അറിയാവുന്നയാളാണ്. പാര്‍ലമെന്റില്‍ പോകുന്നത് പ്രക്ഷോഭം ഉണ്ടാക്കാന്‍ വേണ്ടിയിട്ടല്ലല്ലോ? രാജ്യസഭയിലൊക്കെ പോയാല്‍ ഇദ്ദേഹത്തെ പോലുള്ളവരായിരിക്കും റഹിമിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുക എന്ന് ഞാന്‍ എഴുതിവച്ചു തരാം'.

തൃശൂര്‍ സ്വദേശിയും തെലങ്കാന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായ ശ്രീനിവാസന്‍ കൃഷ്ണനെ പരിഗണിക്കുന്നതിനോട് കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമെന്യേ വിയോജിപ്പുണ്ട്. എന്നാല്‍, ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമായി വന്നാല്‍ തള്ളാനാകാത്ത സ്ഥിതിയാണ്.

ഡല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആലപ്പുഴ മുന്‍ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഇന്നലെ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സുധാകരന്‍ ആവശ്യപ്പെട്ടു. ലിജുവും ഒപ്പമുണ്ടായിരുന്നു. പാനലായി പേരുകള്‍ സമര്‍പ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും.21നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച പേരായിരുന്നു ശ്രീനിവാസന്‍ കൃഷ്ണന്റേത്. ഇതിനെതിരെ അന്ന് വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. പ്രിയങ്ക ഗാന്ധിയുടെ ടീമിലെ അംഗമാണ് 57കാരനായ ശ്രീനിവാസന്‍ കൃഷ്ണന്‍ . എ.ഐ.സി.സി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ മുന്‍ ഉദ്യോഗസ്ഥനാണ്. പത്ത് വര്‍ഷത്തോളം കെ. കരുണാകരനോടൊപ്പം ഓഫീസര്‍ ഒണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായിരുന്നു. പിന്നീടാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായി അടുത്തത്.പ്രിയങ്കയുടെ ഭര്‍ത്താവും വ്യവസായ പ്രമുഖനുമായ റോബര്‍ട്ട് വാധ്രയുടെ ബിസിനസ് പങ്കാളിയായിരുന്നു.

അതേസമയം, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിനെ ( 40 ) രാജ്യസഭാസ്ഥാനാര്‍ത്ഥിയായി സി.പി.എം പ്രഖ്യാപിച്ചത് ഇന്നലെയാണ്. യുവ പ്രാതിനിദ്ധ്യം പരിഗണിച്ചാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ റഹീമിനെ സ്ഥാനാ‌ര്‍ത്ഥിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനം.

No comments