Breaking News

ഡികെ ശിവകുമാര്‍ നിര്‍ദേശിച്ചു.. കോണ്‍ഗ്രസ് അംഗങ്ങള്‍ റിസോര്‍ട്ടിലേക്ക്.. കര്‍ണാടകത്തില്‍ വീണ്ടും..

 


ബെല്ലാരി സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തങ്ങളുടെ കൗണ്‍സിലര്‍മാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്.

കൗണ്‍സിലര്‍മാരെ ബിജെപി റാഞ്ചുമോ എന്ന ഭയത്താലാണ് കോണ്‍ഗ്രസ് ബംഗളൂരു നഗരത്തിനടത്തുള്ള റിസോര്‍ട്ടിലേക്ക് മാറ്റിയത്.

കെപിസിസി അദ്ധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ നിര്‍ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുഹമ്മദ് റഫീക്കിന്റെയും ബെല്ലാരി റൂറല്‍ എംഎല്‍എ നാഗേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലാണ് അംഗങ്ങളെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ചയാണ്.

39 അംഗ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വിജയിച്ചുവന്നത് 21 പേരാണ്. അതോടൊപ്പം കോണ്‍ഗ്രസ് വിമതരായി വിജയിച്ചു വന്ന അഞ്ച് പേരും ഉണ്ട്. ബിജെപിക്ക് 13 അംഗങ്ങളാണുള്ളത്. അഞ്ച് സ്വതന്ത്ര കൗണ്‍സിലര്‍മാരും ഉണ്ട്.

കോണ്‍ഗ്രസിന് വ്യക്തമായി ഭൂരിപക്ഷം കൗണ്‍സിലിലുണ്ട്. സ്വതന്ത്രരരായി വിജയിച്ചു വന്ന അഞ്ച് അംഗങ്ങളും കോണ്‍ഗ്രസ് തന്നെയാണ്. പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അവര്‍ മത്സരിക്കുകയായിരുന്നു. അവരെല്ലാവരും ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് മടങ്ങി വന്നിരിക്കുന്നു. പക്ഷെ ബിജെപി മേയര്‍ സ്ഥാനം പിടിച്ചെടുക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ കൂറുമാറ്റിക്കാനുള്ള ശ്രമം നടത്തുകയാണ്. അവര്‍ വലിയ പണം, ഭവനം, ആഡംബര വാഹനങ്ങള്‍ ഒക്കെയാണ് കൗണ്‍സിലര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബിജെപിയുടെ നീക്കങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് അംഗങ്ങളെ റിസോര്‍ട്ടിലേക്ക് മാറ്റിയതെന്ന് സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് നേതാവ് എം പ്രപഞ്ചന്‍ കുമാര്‍ പറഞ്ഞു.

ബിജെപിയുടെ ശക്തികേന്ദ്രമായാണ് ബെല്ലാരി അറിയപ്പെടുന്നത്. ഇവിടെയാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. അത് കൊണ്ട് തന്നെ സ്വതന്ത്രരെ ഒപ്പം ചേര്‍ത്ത് ഭരണം തിരികെ പിടിക്കാനാവുമോ എന്ന ആലോചന ബിജെപിയില്‍ സജീവമാണ്.

No comments