സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പടിക്ക് പുറത്ത്..!! തരൂരിന് ശക്തമായ മുന്നറിയിപ്പുമായി സുധാകരൻ..!! സുധാകരനല്ല സോണിയ ഗാന്ധി തീരുമാനിക്കുമെന്ന് തരൂർ
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചു നടക്കുന്ന സെമിനാറുകളില്‍ തങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കലഹം.
ഇതുമായി ബന്ധപ്പെട്ട് കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറുകളില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് പങ്കെടുത്താല്‍ അവര്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ വിഷയത്തിലടക്കം സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. കേരളത്തിലെ സ്ത്രീകളടക്കമുള്ള ജനസമൂഹം വലിയ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിന് കെപിസിസി വിലക്കിയതെന്നും ജനങ്ങളുടെ വികാരത്തെ മാനിച്ചാണ് തിരുമാനമെന്നും കെ സുധാകരന്‍ വിശദീകരിച്ചു. പങ്കെടുക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ സോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കില്‍ പോട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറുകളിലേക്ക് കോണ്‍ഗ്രസിന്റെ നേതാക്കളായ ശശി തരൂരിനും കെ വി തോമസിനും ക്ഷണം ലഭിച്ചിരുന്നു. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലെ സെമിനാറിലേക്ക് തരൂരിനെയും, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലെ സെമിനാറിലേക്ക് കെ വി തോമസിനെയുമാണ് സിപിഎം ക്ഷണിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് കെപിസിസി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി വിലക്കില്ലെന്നും, പങ്കെടുക്കരുതെന്ന് പറഞ്ഞുള്ള കെപിസിസി നിര്‍ദേശം കിട്ടിയിട്ടില്ലെന്നുമാണ് ശശി തരൂര്‍ വിശദീകരിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് സുധാകരന്റെ മുന്നറിയിപ്പ്.
കോണ്‍ഗ്രസില്‍ തനിക്ക് അര്‍ഹമായ പരിഗണ കിട്ടുന്നില്ലെന്ന് ആരോപിച്ച് മാസങ്ങളായി പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാവാണ് കെ വി തോമസ്. വികസന കാര്യങ്ങളില്‍ പാര്‍ട്ടിക്കതീതമായി നിലപാട് കൈക്കൊള്ളുകയും മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയില്‍ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂര്‍. എന്നാല്‍ സിപിഎമ്മിന്റെ ഈ നീക്കം കെപിസിപി അദ്ധ്യക്ഷന്‍ കെ സുധാകരന് ദഹിച്ചിട്ടില്ല. സിപിഎം പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും, അതിനാല്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നുമാണ് കെപിസിസിയുടെ നിര്‍ദ്ദേശം.
എന്നാല്‍ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന കോണ്‍ഗ്രസിന്റെ നിലപാട് പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം പരിപാടികളില്‍ പങ്കെടുക്കേണ്ടെന്നത് ബിജെപി നിലപാടാണ്. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസും സ്വീകരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments