കോണ്‍ഗ്രസ് കരുത്താര്‍ജിക്കണമെന്ന് കേന്ദ്ര മന്ത്രി ഗഡ്കരി; 'ശക്തമായ കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അനിവാര്യത'
കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ച് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി. പ്രാദേശിക കക്ഷികള്‍ പ്രതിപക്ഷ സ്ഥാനത്തെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്കരി, കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
പുണെയില്‍ മാധ്യമ പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ചോദ്യോത്തര വേളയില്‍, ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമല്ലേയെന്ന ചോദ്യത്തിനാണ് കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ച് മറുപടി നല്‍കിയത്. കോണ്‍ഗ്രസ് ദുര്‍ബലമാകുമ്ബോള്‍ പ്രാദേശിക കക്ഷികളാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനങ്ങളിലെത്തുക. ഇത് നല്ല സൂചനയല്ല. 1950കളുടെ അവസാനത്തില്‍ അടല്‍ ബിഹാരി വാജ്പേയി ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് അപ്പോഴും അദ്ദേഹത്തോട് ആദരവുണ്ടായിരുന്നു. അതായത്, ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്. കോണ്‍ഗ്രസ് വീണ്ടും ശക്തിപ്പെടണമെന്നാണ് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ ആശയത്തില്‍ അടിയുറച്ച് നില്‍ക്കുകയും പാര്‍ട്ടിക്കൊപ്പം നിലകൊള്ളുകയും ചെയ്യണം. പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നതിനൊപ്പം പരാജയങ്ങളില്‍ നിരാശരാകാതിരിക്കുകയും വേണം -ഗഡ്കരി പറഞ്ഞു.
പ്രധാനമന്ത്രിപദം ലക്ഷ്യമാണോയെന്ന ചോദ്യത്തിന് അത്തരമൊരു മത്സരത്തിന് താനില്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി. ആശയങ്ങളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരനാണ് താനെന്നും അത്യാഗ്രഹിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
താന്‍ ബി.ജെ.പിയില്‍ തുടരുന്നതിനെ 1980കളുടെ അവസാനത്തില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഡോ. ശ്രീകാന്ത് ജിച്കാര്‍ നിരുത്സാഹപ്പെടുത്തിയ കാര്യം ഗഡ്കരി പങ്കുവെച്ചു. പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ട സമയമായിരുന്നു അത്. എന്നാല്‍, തന്‍റെ ബോധ്യങ്ങളില്‍ ഉറച്ച് പാര്‍ട്ടിക്കൊപ്പം നിലകൊള്ളുകയായിരുന്നു ചെയ്തത്. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മുന്നേറുകയും ഇന്നത്തെ നിലയിലേക്ക് വളരുകയും ചെയ്തു -ഗഡ്കരി പറഞ്ഞു.

No comments