Breaking News

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ റിസോര്‍ട്ടുകളില്‍, ബി.ജെപി നേതൃത്വം ഡല്‍ഹിയിലും..!! ഗോവയില്‍ കരുനീക്കങ്ങളുമായി ദേശീയ പാര്‍ട്ടികൾ..


 എക്സിറ്റ്‍പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഗോവയ്ക്കു വേണ്ടിയുള്ള കരുനീക്കങ്ങളുമായി ദേശീയ പാര്‍ട്ടികള്‍.

ഏഴുഘട്ടങ്ങളിലായി അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നലത്തോടെ പൂര്‍ത്തിയായിരുന്നു. പിന്നാലെ വന്ന എക്സിറ്റ്‍പോളുകളില്‍ മിക്കതും ഗോവയില്‍ തൂക്കുസഭ വരുമെന്നാണ് പ്രവചിക്കുന്നത്. 2017ല്‍ വലിയ ഒറ്റകക്ഷിയായിട്ടും ഭരണം പിടിക്കാനാകാതെ പോയ അനുഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള ആസൂത്രണങ്ങളും ചരടുവലികളും ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം, എന്തുവില കൊടുത്തും ഗോവ നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ ബി.ജെ.പിയും അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റിയതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ 'റിസോര്‍ട്ട് രാഷ്ട്രീയ'ത്തില്‍ പേരുകേട്ട കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെയാണ് കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡി.കെയെ ഇതിനകം തന്നെ പാര്‍ട്ടി നേതൃത്വം ഗോവയിലേക്ക് അയച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക വിമാനത്തിലാണ് ശിവകുമാര്‍ ഗോവയിലേക്ക് പുറപ്പെട്ടത്. ഫലം പുറത്തുന്നതിനു മുന്‍പായി അടുത്ത ദിവസങ്ങളിലെല്ലാം അദ്ദേഹം ഗോവയില്‍ ക്യാംപ് ചെയ്യുമെന്നാണ് അറിയുന്നത്. മുതിര്‍ന്ന നേതാവ് പി. ചിദംബരം സംസ്ഥാനത്തെ നേതാക്കളെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

തെരഞ്ഞടുപ്പ് മോഷ്ടിക്കുന്നവര്‍ ചുറ്റുമുണ്ടെന്നും ഇത്തവണ കൊള്ളയടിക്കപ്പെടില്ലെന്നും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. കഴിഞ്ഞ തവണത്തെ ദുരനുഭവം ഇല്ലാതിരിക്കാുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ചിദംബരം വ്യക്തമാക്കി.

പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഡി.കെ ശിവകുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു. വന്‍ ഭൂരിപക്ഷത്തോടെ ഗോവയില്‍ അധികാരം നേടുമെന്നും പാര്‍ട്ടി നേതാക്കളെ സഹായിക്കാനായി ഗോവയിലേക്ക് പുറപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments