Breaking News

'കെ.വി തോമസ് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല, ജെബി മേത്തറിന് ഇത്രയും പദവികള്‍ താങ്ങാനാവുമോ' ; കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെവി തോമസിൻ്റെ മകൻ..

 


കോണ്‍ഗ്രസ് കേന്ദ്ര, സംസ്ഥാന നേതൃത്വത്തെയും രാജ്യസഭാ സ്ഥാനാര്‍ഥി അഡ്വ. ജെബി മേത്തറെയും രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ കേന്ദ്ര മന്ത്രിയും എം.പിയും മുതിര്‍ന്ന നേതാവുമായ കെ.വി തോമസിന്‍റെ മൂത്ത മകനും രാജ്യാന്തര ബാങ്കറുമായ ബിജു തോമസ്.

കുറച്ച്‌ നാളായി ഉറച്ച സംസ്ഥാനങ്ങളില്‍ വരെ കോണ്‍ഗ്രസ് കഷ്ടപ്പെട്ടു തോല്‍ക്കുകയാണെന്ന് ബിജു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട ജെബി മേത്തര്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അടക്കം നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്നും ഇത്രയധികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട്‌ താങ്ങാനാവുമോ എന്നും ബിജു തോമസ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

യു.എ.ഇയിലെ സ്വകാര്യ ബാങ്കിങ് കമ്ബനിയായ മശ് റഖ് ബാങ്കിന്‍റെ സീനിയര്‍ ഡയറക്ടറും ഫാമിലി ഓഫീസുകളുടെ തലവനുമാണ് നിലവില്‍ ബിജു തോമസ്. അബൂദാബി നാഷണല്‍ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് ഓഫ് ഡി.റ്റി.ബി (ഏഷ്യ), എക്സിക്യുട്ടീവ് ഡയറക്ടര്‍-കോര്‍പറേറ്റ് ട്രേഡ് സെയില്‍സ് ആന്‍ഡ് അഡ്വൈസറി, ഐ.ഡി.ബി.ഐ ബാങ്ക് കോര്‍പറേറ്റ് ബാങ്ക് ഹെഡ്-കേരള എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഈയിടെ ബിജു തോമസിന് ദുബൈ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ്!

കുറച്ച്‌ നാളായി കോണ്‍ഗ്രസ്, ഉറച്ച സംസ്ഥാനങ്ങള്‍ വരെ കഷ്ടപ്പെട്ടു തോല്‍ക്കുകയാണ്. ഏറ്റവും അടുത്ത് പഞ്ചാബില്‍ വാങ്ങിയെടുത്ത തോല്‍വിയാണ്. ആറ് മാസം മുമ്ബ് വരെ ഉറച്ച വിജയത്തില്‍ നിന്നാണ്‌ തോല്‍വി നേടിയെടുത്തത്, അത് തന്നെ കേരളത്തിലും നടത്താന്‍ കഴിഞ്ഞു. ഒട്ട് മിക്ക മാധ്യമങ്ങളും ഇത് നേതൃ ദരിദ്രമായി ചിത്രീകരിക്കുമ്ബോള്‍, വിശ്വാസം വന്നില്ല. പക്ഷെ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം നോക്കുമ്ബോള്‍ അത് സത്യമാണോ എന്ന്‌ സംശയം.

ഉദാഹരണത്തിന് ഇന്നത്തെ രാജ്യസഭാ സ്ഥാനാര്‍ഥി. ജെബി മേത്തര്‍, സംസ്ഥാന കോണ്‍ഗ്രസ് വനിതാ കമ്മറ്റി പ്രസിഡന്‍റ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന്‌ മുമ്ബ്‌ അവര്‍ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍നായിട്ട് ഒരു വര്‍ഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാര്‍ഥി. പ്രായം നാല്‍പത്തിനാല്‌. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവര്‍ത്തകയാണ്, പക്ഷെ ഇത്രയധികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട്‌ താങ്ങാനാവുമോ...

പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്‍റെ നേതൃത്വം നോക്കുക. സംസ്ഥാന പ്രസിഡന്‍റ് എം.പിയാണ്, വര്‍ക്കിങ് പ്രസിഡന്‍റുമാരും, എം.പിയോ, എം.എല്‍.എയോ ആണ്‌. ഇതിനൊക്കെ കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം. അവരുടെ അത്യാഗ്രഹമല്ല.

ഈക്കഴിഞ്ഞ ഒരു മാസമായി എന്‍റെ അപ്പന്‍റെ ഫേസ് ബുക്ക് പേജില്‍ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാര്‍ഥിയാകാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും പാര്‍ട്ടിയുടെ താഴെതട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനുമാണ്. സത്യസന്ധമായി കാര്യങ്ങള്‍ അറിയിച്ചു, അതിന്‌ വേണ്ടി പ്രവര്‍ത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല.

അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെയായിരുന്നു. അവര്‍ ഞങ്ങള്‍ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാനായിരുന്നു. അങ്ങെനെയാണങ്കില്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പറയുമോ, കാരണം സോണിയ ഗാന്ധിക്ക് എന്‍റെ അപ്പന്‍റെ പ്രായമാണ്, കെ. സുധാകരനും അതേ പ്രായമാണ്, ഉമ്മന്‍ ചാണ്ടിക്ക് അതിലും കൂടുതലാണ്‌. പ്രായമായാല്‍ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്കാരം. സമൂഹത്തിന്‌ ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.

No comments