Breaking News

ധിക്കരമോ..?? കെപിസിസി അദ്ധ്യക്ഷൻ്റെ വാക്കിന് പുല്ലുവില..!! സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍

 


സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് വിലക്കില്ലെന്ന് ശശി തരൂര്‍ എംപി.

പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്, അതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. ജനാധിപത്യത്തിന്റെ വിരുദ്ധചേരികളിലുള്ളവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്നും ശശി തരൂര്‍ പറഞ്ഞു.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂ‍ര്‍ എം.പി, രമേശ് ചെന്നിത്തല, കെ.വി. തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സി.പി.എം വേദികളിലെ കോണ്‍ഗ്രസ് സാന്നിധ്യം ജനങ്ങള്‍ക്കു തെറ്റായ സന്ദേശം നല്‍കുമെന്നാണു കെ.പി.സി.സി നേതൃത്വം കരുതുന്നത്.

നീതിരഹിതമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സി.പി.എമ്മുമായി ഒരു സഹകരണവുമില്ലെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കിയത്. എന്നാല്‍, ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടേയും പരിപാടികളില്‍ പോകാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയത്.

No comments