എവിടെയെങ്കിലും ലയിക്കണോ..?? അതോ പുതിയ പാര്‍ട്ടി വേണോ..?? ശ്രേയാംസ് കുമാറും സംഘവും അങ്കലാപ്പിൽ..
ശരദ് യാദവവിന്റെ എല്‍ജെഡി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിച്ചതോടെ എല്‍ജെഡി കേരള ഘടകത്തില്‍ പ്രതിസന്ധി തുടരുന്നു.
ലയനം അംഗീകരിക്കാനാവില്ലെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയാംസ് കുമാര്‍ തീര്‍ത്ത് പറഞ്ഞെങ്കിലും സംസ്ഥാന ഘടകത്തിന് തനിച്ച് നില്‍ക്കാനാവുമോയെന്ന ആശങ്ക മുന്നിലുണ്ട്. പുതിയതായി പാര്‍ട്ടി രൂപീകരിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനകം ഉയര്‍ത്തി. ഏതെങ്കിലും അംഗീകൃത പാര്‍ട്ടിയില്‍ ലയിക്കണമെന്നാണ് മറ്റൊരു പക്ഷത്തിന്റെ നിലപാട്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കുന്നത് ഒഴിവാക്കാം. ഇതോടെ കേരളഘടകം രണ്ട് തട്ടിലായി.
നിയമസഭയിലുള്ള ഏക എംഎല്‍എ പദവിയില്‍ നിന്നും അയോഗ്യത വരുമോയെന്നാണ് അടുത്ത ആശങ്ക. എന്നാല്‍ സംസ്ഥാനഘടകം നിലപാട് തുറന്നുപറഞ്ഞതിനാല്‍ അയോഗ്യത വരാന്‍ സാധ്യതയില്ല.
ഇത് മൂന്നാമത്തെ തവണയാണ് എസ്‌ജെഡി ദേശീയ നേതൃത്വത്തിന്റെ നിലപാട് മാറ്റം സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. 2006 ല്‍ ജനതാദള്‍ (എസ്) കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുമായി കൈകോര്‍ത്തിരുന്നു. അന്ന് എംവി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകം എച്ച്.ഡി ദേവഗൗഡയെ ജനതാദള്‍ (എസ്) ദേശീയ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കി. സുരേന്ദ്രമോഹനെ പ്രസിഡണ്ടാക്കി പ്രത്യേക വിഭാഗമായി മാറി.
വീരേന്ദ്രകുമാര്‍ പ്രസിഡണ്ടായ എല്‍ജെഡി 2014 ല്‍ നിതീഷ്‌കുമാറിന്റെ ജെഡിയുവില്‍ ലയിച്ചു. എന്നാല്‍ 2017 ല്‍ നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം കൂടിയതോടെ ജെഡിയു ബന്ധവും ഉപേക്ഷിച്ചു. ജെഡിയു രാജ്യസഭാംഗമായ വീരേന്ദ്രകുമാര്‍ രാജിവെച്ചു. അതിന് ശേഷമാണ് ശരദ് യാദവിന്റെ നേതൃത്വത്തില്‍ എല്‍ജെഡി രൂപീകരിക്കുന്നത്.
അതിനിടെ ശ്രേയാംസ്‌കുമാറിനെ അനുനയിപ്പിക്കാന്‍ ശരദ് യാദവ് മുന്‍കൈയെടുക്കുമെന്ന സൂചന മുതിര്‍ന്ന നേതാവ് ജാവേദ് റാസയുടെ പ്രതികരണത്തില്‍ തന്നെയുണ്ടായിരുന്നു. പാര്‍ട്ടിയിലെ ഐക്യം നഷ്ടപ്പെടില്ലെന്നും കേരള ഘടകത്തെ പിരിച്ചുവിടില്ലെന്നുമായിരുന്നു ജാവേദ് റോസ പറഞ്ഞത്.

No comments