'കോൺഗ്രസ് അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ വിഭജിക്കുന്നു'; സജീവ രാഷ്ട്രീയം വിടുമെന്ന സൂചനയുമായി ഗുലാം നബി ആസാദ്..
മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിലെ ജി-23 നേതാക്കളില്‍ പ്രമുഖനുമായ ഗുലാം നബി ആസാദ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സൂചന.
'എല്ലാ രാഷ്ട്രീയ കക്ഷികളും ജനങ്ങള്‍ക്കിടയില്‍ വിടവ് സൃഷ്ടിക്കുന്നുവെന്ന' അദ്ദേഹത്തിന്റെ പരാമര്‍ശം വിരമിക്കലിന്റെ സൂചനയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുസമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നതിന് ജനങ്ങള്‍ അവരുടെ അവകാശത്തിനായി നിലകൊള്ളേണ്ടതുണ്ട്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സാമൂഹിക രംഗത്ത് തുടരണമെന്ന ചിലപ്പോഴൊക്കെ താന്‍ ചിന്തിക്കാറുണ്ട്.-ആസാദ് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ ജി23 നേതാക്കളുടെ നിലപാട് അറിയിക്കാന്‍ ആസാദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 'എല്ലാ രാഷ്ട്രീയ കക്ഷികളും 24 മണിക്കൂറും ജാതിയുടെയും മതത്തിന്റെയും മറ്റ് കാര്യങ്ങളിലും ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന്' കഴിഞ്ഞ ദിവസം ആസാദ് പറഞ്ഞിരുന്നു.
അത് ചെയ്യുന്നത് തന്റെ പാര്‍ട്ടിയോ ഏതെങ്കിലും പ്രദേശികയോ ദേശീയമോ ആയ മറ്റേതെങ്കിലും പാര്‍ട്ടിയോ ആണെങ്കിലും അത് ക്ഷമിക്കാന്‍ തനിക്ക് കഴിയില്ല. പൊതുസമൂഹം ഒറ്റക്കെട്ടായി നിന്ന് തിന്മകള്‍ക്കെതിരെ പോരാടണം. ജമ്മുവില്‍ ഞായറാഴ്ച ഒരു പൊതുചടങ്ങില്‍ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കക്ഷികള്‍ സമൂഹത്തില്‍ ഈ 'തിന്മകള്‍' കൊണ്ടുവരുന്നു. രാഷ്ട്രീയ കക്ഷികള്‍ക്ക് സമൂഹത്തില്‍ നല്ല മാറ്റം കൊണ്ടുവരാന്‍ കഴിയുമോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
രാഷ്ട്രീയ കക്ഷികള്‍ ജനങ്ങളെ പ്രദേശത്തിന്റെയും മേഖലയുടെയും ഗ്രാമത്തിന്റെയും നഗരത്തിന്റെയും ഹിന്ദുവിന്റെയും മുസ്ലീമിന്റെയും ഷിയയുടെയും സുന്നിയുടെയും ദളിതരുടെയും ദളിതരല്ലാത്തവരുടെയും പേരില്‍ വിഭജിക്കുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും ഭിന്നതകള്‍ ഉണ്ട്. ഇതിനെല്ലാം ഉപകരിയായി നാം മനുഷ്യരാണെന്ന് ആണെങ്കിലും ഓര്‍ക്കുന്നുണ്ടോ? മാനുഷിക മൂല്യങ്ങളെല്ലാം മുന്‍ഗണന നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നമ്മളൊക്കെ മനുഷ്യരാണോ എന്ന് ചിലപ്പോഴൊക്കെ സംശയിക്കുന്ന വിധത്തിലാണ് ഇന്ത്യയിലെ രാഷ്ട്രീയം ആയിരിക്കുന്നത്. 'ദ കശ്മീര്‍ ഫയല്‍സ്' എന്ന ബോളിവുഡ് ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ആസാദിന്റെ പരാമര്‍ശം. 1990ലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തിന്റെ കഥയാണ് സിനിമ. രാഷ്ട്രീയമായി ഏറെ അസ്വസ്ഥത ഉണ്ടാക്കിയ ഈ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
കശ്മീര്‍ താഴ്‌വരയില്‍ സംഭവിക്കുന്ന എല്ലാത്തിനും ഉത്തരവാദികള്‍ പാകിസ്താനും ഭീകരതയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ജമ്മു കശ്മീരിനെ മുഴുവന്‍ ബാധിക്കുന്നു. ഹിന്ദുക്കളെയും കശ്മീരി പണ്ഡിറ്റുകളെയും മുസ്ലീങ്ങളെയും ദോഗ്രകളെയും ബാധിക്കുന്നു.-ആസാദ് പറഞ്ഞു.
എല്ലാവരും മനുഷ്യ ജീവികളാണെന്നതാണ് ആദ്യം. ഹിന്ദും മുസ്ലീമും എന്നതൊക്കെ പിന്നീടാണ് വരുന്നത്. തീവ്രവാദം ജമ്മു കശ്മീരിലെ ജനജീവിതം സ്തംഭിപ്പിക്കുന്നു. പാകിസ്താന് ഇതില്‍ വലിയ പങ്കുണ്ട്. തീവ്രവാദികള്‍ സുരക്ഷ ഉദ്യോഗസ്ഥരേയും പോലസുകാരെയും കൊല്ലുന്നു. നിരവധി പേരെ വിധവകളാക്കുന്നു. -അദ്ദേഹം പറഞ്ഞു.

No comments