Breaking News

'വിലക്കയറ്റ മുക്ത ഭാരതം'; വന്‍ പ്രക്ഷോഭത്തി​​നൊരുങ്ങി കോണ്‍ഗ്രസ്..!! കെസി വേണുഗോപാലിൻ്റെ നേത്രത്വത്തിൽ..


 വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. 'വിലക്കയറ്റമുക്ത ഭാരതം' എന്ന ബാനറില്‍ മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ ഏഴുവരെ മൂന്നു ഘട്ടങ്ങളായാണ് പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ മുഖ്യ വക്താവുമായ രണ്‍ദീപ് സിങ്​ സുര്‍ജേവാല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനതല നേതാക്കളുടെയും യോഗത്തിലാണ് വന്‍ ജനകീയ പ്രക്ഷോഭത്തിന് തീരുമാനിച്ചത്. മാര്‍ച്ച്‌ 31ന് നടക്കുന്ന ആദ്യ ഘട്ട പ്രചാരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് വീടിനു പുറത്തും പൊതുസ്ഥലങ്ങളിലും പ്രതിഷേധിക്കും. വിലക്കയറ്റ പ്രശ്‌നം ഉയര്‍ത്തിക്കാട്ടാന്‍ ജനങ്ങള്‍ എല്‍.പി.ജി സിലിണ്ടറുകളെ ഹാരമണിയിക്കുകയും ചെണ്ട കൊട്ടുകയും മണിമുഴക്കുകയും ചെയ്യും. എന്‍.ജി.ഒകളുടെയും മത, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഏപ്രില്‍ രണ്ടു മുതല്‍ നാലു വരെ ജില്ലതലത്തില്‍ ധര്‍ണകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടു ലക്ഷ്യമിട്ട് 137 ദിവസങ്ങളായി ഇന്ധനവില പിടിച്ചുനിര്‍ത്തിയ സര്‍ക്കാര്‍ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില കുത്തനെ കൂട്ടി ജനങ്ങളെ വഞ്ചിക്കുകയാണ്. കഴിഞ്ഞ നാലു ദിവസത്തിനിടെ ഇന്ധനവില ​ലിറ്ററിന് 3.2 രൂപയാണ് കൂടിയത്. ഇന്ധന വില വര്‍ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയും ഖജനാവ് നിറക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിയങ്ക ഗാന്ധി, ഉമ്മന്‍ ചാണ്ടി, മുകുള്‍ വാസ്നിക്, താരിഖ് അന്‍വര്‍, അജയ് മാക്കന്‍, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങിയവര്‍ പ​ങ്കെടുത്തു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും മെംബര്‍ഷിപ് കാമ്ബയിന്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തതായും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

No comments