Breaking News

ഇന്ധനവില വര്‍ധനവിനെക്കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബാബ രാംദേവ്..

 


വാര്‍ത്താസമ്മേളനത്തിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി ബാബാ രാംദേവ്.

ഇന്ധനവില കുറക്കുന്നതിനെക്കുറിച്ചുള്ള രാംദേവിന്‍റെ മുന്‍നിലപാടുകളെക്കുറിച്ച്‌ ഓര്‍മിപ്പിച്ചപ്പോഴാണ് കാമറക്ക് മുന്നില്‍ രാംദേവ് നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിത്തെറിച്ചത്.

ഹരിയാനയിലെ കര്‍ണാലിലായിരുന്നു സംഭവം. 'പെട്രോള്‍ വില 40 രൂപയും പാചകവാതക വില സിലിണ്ടറിന് 300 രൂപയും ഉറപ്പ് നല്‍കുന്ന സര്‍ക്കാറിനെ വേണമെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്ന' രാംദേവിന്‍റെ പഴയ പ്രസ്താവനയെക്കുറിച്ചായിരുന്നു ചോദ്യം.

മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തോട് വളരെ ക്ഷുഭിതനായാണ് പതഞ്ജലി ബ്രാന്‍ഡ് അംബാസഡറായ രാംദേവ് പ്രതികരിച്ചത്. 'അതെ ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. നിനക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? ഇനി ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചുപോകരുത്. നീ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാനുള്ള ബാധ്യതയൊന്നും എനിക്കില്ല'- രാംദേവ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ പക്ഷെ വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചു. അതോടെ രാംദേവ് പൊട്ടിത്തെറിക്കുകയായിരുന്നു.

'മിണ്ടാതിരിക്ക്.. ഇനിയും ഈ ചോദ്യം ചോദിച്ചാല്‍ നിനക്ക് നല്ലതിനാകില്ല. നീ മാന്യരായ മാതാപിതാക്കള്‍ക്ക് ജനിച്ച മകനാണെന്ന് കരുതുന്നു. ഇതുപോലെ ഇനി സംസാരിക്കാരുത്'- രാംദേവ് പറഞ്ഞു.

'ഇന്ധനവില കുറഞ്ഞാല്‍ സര്‍ക്കാരിന് ടാക്സ് ലഭിക്കില്ല. പിന്നെ അവര്‍ എങ്ങനെയാണ് രാജ്യം ഭരിക്കുക? ശമ്ബളം എങ്ങനെ കൊടുക്കും? എങ്ങനെ റോഡുകള്‍ നിര്‍മിക്കും?'

ഇന്ധന വില കൂടിയാല്‍ പണപ്പെരുപ്പം വര്‍ധിക്കും. ശരിയാണ്. ജനങ്ങള്‍ കൂടുതല്‍ അധ്വാനിക്കണം. നാല് മണിക്ക് എഴുന്നേറ്റ് രാത്രി 10 മണി വരെ ജോലി ചെയ്യണം. - ഇതായിരുന്നു ഇന്ധനവില വര്‍ധനവിനെക്കുറിച്ചുള്ള യോഗഗുരുവിന്‍റെ പ്രതികരണം.

No comments