Breaking News

മമതക്ക് വീണ്ടും വെളിപാട്..?? ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണം..!! മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച്‌ മമത..


 ബിര്‍ഭൂം സംഘര്‍ഷത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനു പിന്നാലെ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി.

ഏകീകൃതവും തത്വാധിഷ്ഠിതവുമായ പ്രതിപക്ഷത്തിനായി ബിജെപി ഇതര നേതാക്കളെല്ലാം ഒരുമിച്ച്‌ അണിചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മമത കത്തെഴുതിയത്.

കേന്ദ്ര സര്‍ക്കാരിനെതിരെ ഏകീകൃതവും തത്വാധിഷ്ഠിതവുമായ ഒരു പ്രതിപക്ഷമാവാന്‍ നമുക്ക് ഒരുമിച്ച്‌ പോരാടാം. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നു. സര്‍ക്കാരിനെതിരായ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമര്‍ത്തുന്ന ബിജെപി ഭരണത്തിനെതിരെ പോരാടാന്‍ രാജ്യത്തെ പുരോഗമന ശക്തികള്‍ ഒന്നിക്കണമെന്നും മമത കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തിന്റെ വ്യവസ്ഥാപിത ജനാധിപത്യത്തിന് നേരെയുള്ള ബിജെപി ആക്രമണങ്ങളിലെ തന്റെ ഉത്കണ്ഠ പ്രകടിപ്പിക്കാനാണ് താന്‍ ഈ കത്തെഴുതുന്നതെന്ന് മമത പറഞ്ഞു. കേന്ദ്രത്തിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചു നില്‍ക്കണം. ബിജെപിയെ എങ്ങനെ ഒറ്റക്കെട്ടായി നേരിടാം എന്ന് ചര്‍ച്ച ചെയ്യാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും യോഗം ചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്ലാ നേതാക്കള്‍ക്കും അനുയോജ്യമായ ഒരു സ്ഥലത്ത് വച്ച്‌ ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച്‌ 21 ന് രാംപൂര്‍ഹട്ടിനടുത്തുള്ള ബോഗ്തയു ഗ്രാമത്തില്‍ അജ്ഞാതര്‍ 10 വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബ് അക്രമണം നടത്തുകയും എട്ടു പേരെ ചുട്ടു കൊല്ലുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാംപുര്‍ഹത് ബ്ലോക്ക് പ്രസിഡന്റ് അനാറുല്‍ ശൈഖ് ഉള്‍പ്പടെ 22 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.

No comments