ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി ശക്തമായ മഴയുണ്ടാകും. നാളെ കോട്ടയം ,ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത് . മധ്യ,വടക്കന്‍ ജില്ലകളിലാണ് മഴ കനക്കുക.
ചൊവ്വാഴ്ച എട്ട് ജില്ലയിലും ബുധനാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യ ഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി.പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി.കോട്ടയത്ത് മലവെള്ളപാച്ചിലില്‍ കല്ലും മണ്ണും റോഡില്‍ അടിഞ്ഞത് ഗതാഗത തടസ്സത്തിനും കാരണമായി.
കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. കോട്ടയം എരുമേലിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.എരുമേലിയിലെ കൊച്ചുതോടും വലിയതോടും കരകവിഞ്ഞു.തുമരംപാറ കൊപ്പം വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി.കനത്തമഴയെ തുടര്‍ന്ന് പാലക്കാട് മുടപ്പല്ലൂര്‍ ടൌണിലെ കടകളില്‍ വെള്ളം കയറി.റോഡരികിലെ ചാലുകള്‍ വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ പുഴകളിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇരുവഴിഞ്ഞിയില്‍ അരിപ്പാറ ഭാഗത്താണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ഇരുവഴിഞ്ഞി പുഴയുടെ തീരത്തു താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments