വെളുക്കും മുന്നേ പാറശാലയിലേക്ക് ജനം ഒഴുകിയെത്തി
ഞായറാഴ്‌ച അതിരാവിലെ യാത്ര കേരളത്തിലേക്ക് കടക്കുമ്ബോള്‍ വലിയ ആള്‍ക്കൂട്ടം നേതാക്കളാരും പ്രതീക്ഷിച്ചിരുന്നില്ല. യാത്ര ഉച്ചയ്‌ക്ക് ശേഷം നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരിക്കുമ്ബോള്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം എത്തുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് നേരം വെളുക്കും മുന്നേ പാറശാലയിലേക്ക് ജനം ഒഴുകിയെത്തി. തിക്കിത്തിരക്കിയ പ്രവര്‍ത്തകരെ പലതവണ നേതാക്കള്‍ക്ക് മൈക്കിലൂടെ ശാസിക്കേണ്ടി വന്നു.
അച്ചടക്കത്തിന്റെ മൈക്കെടുത്ത് ഹെഡ്‌മാസ്റ്ററുടെ സ്ഥാനത്ത് നിന്നത് ഡി.സി.സി പ്രസിഡന്റ് പാലോട് രവിയായിരുന്നു. നടന്നും മിനിലോറിയുടെ മുകളില്‍ കയറിയും അദ്ദേഹം യാത്രാക്രമീകരണങ്ങള്‍ വിലയിരുത്തി. മൈക്ക് അനൗണ്‍സ്‌മെന്റുമായി പാലോട് രവി രാഹുലിന് മുന്നില്‍ യാത്രയിലുടനീളം ഉണ്ടായിരുന്നു. ഇതരസംസ്ഥാനത്ത് നിന്നുളള സ്ഥിരം യാത്രികര്‍ക്ക് ഇംഗ്ലീഷിലായിരുന്നു നിര്‍ദ്ദേശങ്ങള്‍. ഒരുഘട്ടത്തില്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാനാകാത്ത സ്ഥിതി വന്നപ്പോള്‍ ആദ്യം അദ്ദേഹം വിന്‍സെന്റ് എം.എല്‍.എയുടെ സഹായം തേടി. വിന്‍സെന്റ് പറഞ്ഞിട്ടും പ്രവര്‍ത്തകരുടെ ആവേശം അടങ്ങാതെ ആയപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സുധാകരന് തന്നെ മൈക്കെടുക്കേണ്ടി വന്നു.

No comments