Breaking News

'കോണ്‍ഗ്രസിന് അവിടെ പ്രവചിച്ചത് 2 സീറ്റ്..!! പക്ഷെ നേടിയത് 31 സീറ്റ്..!! ദില്ലിയിലും അത് ആവര്‍ത്തിക്കും..!!

അധികാരം നിലനിര്‍ത്താന്‍ ആംദ്മിയും പിടിച്ചെടുക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തുനിഞ്ഞ് ഇറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരമാണ് ദില്ലി നിയമസഭയിലേക്ക് നടക്കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍വ്വേകളിലെല്ലാം ആംആദ്മി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും ബിജെപിയും കോണ്‍ഗ്രസും പ്രതീക്ഷ കൈവിട്ടിട്ടില്ല.

ശക്തമായ ത്രികോണ മത്സരത്തിന്‍റെ പ്രതീതിയാണ് ദില്ലിയില്‍ ഉള്ളതെങ്കിലും പുറത്തു വന്ന സര്‍വേകളില്‍ ഒന്നും കോണ്‍ഗ്രസിന് കാര്യമായ സീറ്റ് വര്‍ധനവ് പ്രവചിക്കുന്നില്ല.
എന്നാല്‍ ഈ പ്രവചനങ്ങനങ്ങളെ കാറ്റില്‍ പറത്തുന്ന പ്രകടനം ദില്ലിയില്‍ കോണ്‍ഗ്രസ് നടത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നത്.

പതിനഞ്ച് വര്‍ഷത്തോളം തുടര്‍ച്ചയായി അധികാരത്തില്‍ തുടര്‍ന്ന രാജ്യതലസ്ഥാനത്ത് ഒരു എംഎല്‍എ പോലും ഇല്ലാത്ത സ്ഥിതി വിശേഷണമാണ് കോണ്‍ഗ്രസിന് ഉള്ളത്. നിയമസഭ തിരഞ്ഞെടുപ്പോടെ ഈ അവസ്ഥക്ക് മാറ്റം വരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.

സര്‍വേകളില്‍ ഒന്നും കാര്യമായ മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിലും അയല്‍സംസ്ഥാനമായ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായി ദില്ലിയില്‍ കോണ്‍ഗ്രസ് ഏവരേയും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ച വെക്കുമെന്നാണ് പാര്‍ട്ടി വക്താവായ രണ്‍ദീപ് സിങ് സുര്‍ജേവാല കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ചില ന്യൂസ് ചാനലുകള്‍ നടത്തിയ സര്‍വ്വേയില്‍ ഹരിയാനയില്‍ കേവലം രണ്ട് സീറ്റ് മാത്രമായിരുന്നു പ്രവചിച്ചത്.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്ലാ പ്രവചനങ്ങളേയും അസ്ഥാനത്താക്കിക്കൊണ്ട് 31 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ പോവുകയാണെന്ന് സുര്‍ജേവാല പറഞ്ഞു.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിക്കെതിരേയും രൂക്ഷമായ വിമര്‍ശനവും സുര്‍ജേവാല നടത്തി.
ആരോഗ്യം, മലിനീകരണ നിയന്ത്രണം, വിദ്യാഭ്യാസം, ശുദ്ധമായ കുടിവെള്ള വിതരണം, പൊതുഗാതഗതം തുടങ്ങിയ മേഖലകളിലെല്ലാം ദില്ലിയിലെ ജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കുന്നില്ല.

2015 ല്‍ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നേടിയ 3 സീറ്റുകളില്‍ വിജയം നേടാന്‍ കഴിയില്ലെന്ന് വ്യക്തമായതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും പരിഭ്രാന്തരായിരിക്കുകയാണ്.
ബിജെപിയും ആംആദ്മിയും തങ്ങളുടെ പരാജയങ്ങള്‍ മറച്ചു വെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിദ്വേഷവും അധിക്ഷേപരവുമായ വിഷയങ്ങള്‍ ഉന്നയിച്ച് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇരുപാര്‍ട്ടികളുടേയും ശ്രമം. ആര്‍എസ്എസ് നിര്‍മ്മിക്കുന്ന ഈ നാടകത്തിലെ രണ്ട് അഭിനേതാക്കള്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമെന്നും സുര്‍ജേവാല ആരോപിച്ചു.

'ദില്ലിയില്‍ ബിജെപി 45 ലേറെ സീറ്റുകള്‍ നേടുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളുമായ അമിത് ഷ അവകാശപ്പെട്ടത്. ആരാണ് അദ്ദേഹത്തോട് ഇത് പറഞ്ഞത്, ദൈവമോ ഇവിഎമ്മോ'- എന്നും കോണ്‍ഗ്രസ് വക്താവ് പരിഹസിച്ചു.

കാപട്യം എന്നതിന്‍റെ പര്യായമാണ് അമിത് ഷായെന്നും സുര്‍ജേവാല ആരോപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലേതുപോലെ തന്‍റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ദില്ലിയിലും അദ്ദേഹം പരാജയപ്പെടും.
മുഴുവന്‍ മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

ആര്‍ജെഡിയുമായി സഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് ദില്ലിയില്‍ ജനവിധി തേടുന്നത്. ആകെയുള്ള 70 സീറ്റില്‍ 66 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ 4 സീറ്റുകളിലാണ് സഖ്യത്തിന്‍റെ ഭാഗമായി ആര്‍ജെഡി മത്സരിക്കുന്നത്. 2015ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67 ഇടത്തും ആം ആദ്മി പാർട്ടിയായിരുന്നു വിജയിച്ചത്. ബിജെപി 3 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് സീറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.

No comments