കെ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ് ; സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്ക് പിന്നാലെ കെ പി സി സി അദ്ധ്യക്ഷനാക്കും..!! മുല്ലപ്പള്ളി..
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കി കൊണ്ടുളള നിര്‍ണായക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് വിവരം. ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ കഴിയുന്ന മുറയ്‌ക്ക് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപട്ടിക ചൊവ്വാഴ്‌ചയോ ബുധനാഴ്‌ചയോ ആകും പുറത്തുവരിക. ഇതിനൊപ്പമോ അതിനു പിന്നാലെയോ സുധാകരന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കുളള വരവും ഉണ്ടാകുമെന്നാണ് വിവരം.
പ്രഖ്യാപനത്തിന് മുന്നോടിയായി കെ സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കെ സുധാകരന്‍ ഡല്‍ഹിയ്‌ക്ക് പോകുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ ഭാഗമായാണെന്നാണ് പറയുന്നതെങ്കിലും അദ്ധ്യക്ഷ പദവിയെ സംബന്ധിച്ചുളള ചര്‍ച്ചകളും നടക്കും.
ഇപ്പോഴത്തെ കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് വിവരം.
അതേസമയം, ഹൈക്കമാന്‍ഡ് തന്നെ വിളിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നുമാണ് സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സ്ഥാനാര്‍ത്ഥി പട്ടിക പത്താം തീയതിക്കുളളിലുണ്ടാകും. എല്‍ ഡി എഫിന് ജയിലാണ് ഉറപ്പെന്നും കണ്ണൂരില്‍ യു ഡി എഫ് പിടിക്കേണ്ട സീറ്റുകള്‍ നിശ്‌ചയമായും പിടിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഡല്‍ഹിയില്‍ വച്ച് തിരുത്തലുകള്‍ ഉണ്ടായേക്കും. പുതുമുഖങ്ങള്‍ കൂടുതല്‍ ഇടം പിടിച്ചേക്കുമെന്നാണ് വിവരം. എ കെ ആന്റണി ഒഴിച്ചുളള നേതാക്കള്‍ക്ക് കെ സുധാകരനെ അദ്ധ്യക്ഷനാക്കുന്നതില്‍ താത്പര്യം ഇല്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

No comments